Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയുയര്‍ന്നു

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയര്‍ന്നു. പ്രധാന വേദിക്ക് മുമ്പില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ കൊടി ഉയര്‍ത്തി. മോഡല്‍ ഹേള്‍സ് ഹൈസ്‌കൂളിലെ കൗണ്ടറുകളഇല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.[www.malabarflash.com]

കലാകൗമാരത്തിന്റെ അഞ്ചുനാളുകള്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ക്കായി ശനിയാഴ്ച മുതലാണ് വേദികളുണരുക. പത്താം തീയതി വരെ രാവ് പകലാക്കിയുള്ള മത്സരപ്പൂരങ്ങള്‍ക്കാണ് സാംസ്‌കാരിക തലസ്ഥാനം സാക്ഷിയാവുക. 

58ാമത് കലോത്സവത്തിന്റെ മാന്വലില്‍ നിരവധി പരിഷ്‌കരണങ്ങളും പരീക്ഷണങ്ങളും വരുത്തിയിട്ടുണ്ടെന്ന് മന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2008നു ശേഷം ആദ്യമായാണ് മാന്വല്‍ പരിഷ്‌കരിച്ചത്. ഇവിടുന്നങ്ങോട്ട് എല്ലാ വര്‍ഷവും മാന്വല്‍ പരിഷ്‌കരിച്ച് കലോത്സവം കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു. സാധാരണ ഏഴു ദിവസങ്ങളിലായി നടന്നിരുന്ന കലോത്സവം അഞ്ചിലേക്ക് ചുരുക്കിയെങ്കിലും മൂന്നു മത്സര ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര ഒഴിവാക്കി. പകരം ഉദ്ഘാടന ദിവസം ദൃശ്യവിസ്മയം ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പകരം എല്ലാ മത്സരാര്‍ഥികള്‍ക്കും ട്രോഫികള്‍ നല്‍കാനാണ് തീരുമാനം. മത്സരത്തില്‍ 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡുണ്ടാകും. നേരത്തെ 70 ശതമാനം ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്. ഗ്രേസ് മാര്‍ക്ക് സാധാരണ പോലെ നല്‍കും. 

8954 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അപ്പീലുകളിലൂടെ വരുന്നതുകൂടി കണക്കിലെടുത്താല്‍ ഇത് 12000ത്തോളമാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഗ്ലാസുകള്‍, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേനകള്‍ വരെ തയ്യാറാക്കിയിട്ടുള്ളത്. എല്ലാം പ്ലാസ്റ്റിക് മുക്തം. മത്സര ക്രമത്തിലെ ഊഴം തെരഞ്ഞെടുക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ചെപ്പുകള്‍ക്കു പകരം മുളനാളിയാണ് ഉപയോഗിക്കുക.

ക്രമ നമ്പര്‍ വന്‍ പയര്‍ വിത്തിലാണ് എഴുതിയിരിക്കുന്നത്.
നഗരത്തിലും പരിസരത്തുമായുള്ള 24 വേദികള്‍ക്ക് വൃക്ഷങ്ങളുടെയും ഇലകളുടെയുമൊക്കെ പേരുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷം അടുപ്പിച്ച് കലോത്സവത്തിന് വിധികര്‍ത്താക്കളായിരുന്നുവരെ ഇത്തവണ പരമാവധി ഒഴിവാക്കും. വിദഗ്ധരായ വിധികര്‍ത്താക്കളെയാണ് നിയോഗിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 

നഗരത്തിന്റെ ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലായാണ് മത്സരാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനന്റെ നേതൃത്വത്തില്‍ ഒരു നേരം 3500 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും തയ്യാറായിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും കൃഷിക്കാരില്‍ നിന്നും സൗജന്യമായി പച്ചക്കറികള്‍ എത്തിക്കാനുള്ള സംവിധാനവും സജ്ജമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. 

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ശനിയാഴ്ച രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ മാറി മാറി അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാ തിരുവാതിര അരങ്ങേറും. 

പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും. 

കലോത്സവത്തിന്റെ സമാപന സമ്മേളനം പത്തിന് വൈകീട്ട് നാലിന് പ്രധാനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ കെ ബാലന്‍, എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ സി മൊയ്തീന്‍, കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടര്‍ എ കൗശിഗന്‍ എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.