Latest News

സൗഹൃദം മറയാക്കി റിട്ട. അധ്യാപകന്റെ കുടുംബത്തില്‍ നിന്ന് 35 ലക്ഷം തട്ടിയ പ്രകാശന്‍ മൂര്‍ത്തി അറസ്റ്റില്‍

കാഞ്ഞങ്ങാട്: സൗഹൃദം മറയാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സര്‍വ്വീസില്‍ നിന്നും വിരമിച്ച റിട്ട. അധ്യാപകനെയും കുടുംബത്തെയും കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പടന്നക്കാട് കൃഷ്ണപിള്ള നഗറില്‍ താമസക്കാരനായ തമിഴ്‌നാട് ഊട്ടി സ്വദേശി പ്രകാശന്‍ മൂര്‍ത്തിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം എ എം മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ പരാതിയിലാണ് അറസ്റ്റ്. മാസ്റ്ററെയും ഭാര്യ പരേതയായ ഖദീജുമ്മയുടെയും ഒപ്പിട്ട ചെക്കുകള്‍ കരസ്ഥമാക്കി 35 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് പ്രകാശന്‍ മൂര്‍ത്തി പോലീസ് പിടിയിലായത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ മൂര്‍ത്തിയെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.
മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ വീട്ടില്‍ ടൈല്‍സ് പതിക്കുന്ന ജോലിക്ക് 1992ലാണ് പ്രകാശന്‍ മൂര്‍ത്തി ആദ്യമായി എത്തുന്നത്. ഈ സൗഹൃദം പിന്നീട് ഏറെ വളര്‍ന്നു. മാസ്റ്ററുടെ മകന്‍ അഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുണ്ടോള്‍ എക്‌സ്‌പോര്‍ട്ട് എന്ന മാര്‍ബിള്‍ കടയില്‍ മൂര്‍ത്തിക്ക് ജോലി നല്‍കി. പിന്നീട് ഈ സ്ഥാപനത്തിന്റെ സര്‍വ്വസ്വവും പ്രകാശന്‍ മൂര്‍ത്തിയായി.
സ്ഥാപനത്തിന്റെ കച്ചവട കണക്കുകളും ഇടപാടുകളുമൊക്കെ പൂര്‍ണ്ണമായും മൂര്‍ത്തിയുടെ പിടിയിലായി. പടന്നക്കാട് ജമാഅത്ത് കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചുവന്നത്. ഇതിനിടെ സ്ഥാപനമുടമ ശരീഫ് കുവൈത്തിലേക്ക് പോയി. മാര്‍ബിള്‍ കച്ചവടം നിര്‍ജ്ജീവാവസ്ഥയിലായി. അപ്പോഴും പ്രകാശന്‍ മുഹമ്മദ് മാസ്റ്ററുടെ കുടുംബവുമായി ഉറ്റ ബന്ധത്തില്‍ തന്നെയായിരുന്നു. 

രോഗാവസ്ഥയില്‍ കഴിഞ്ഞ ഭാര്യ ഖദീജുമ്മയുടെ ആശുപത്രി പരിചരണം പോലും മൂര്‍ത്തിയുടെ ചുമതലയിലായിരുന്നു. മാര്‍ബിള്‍ കച്ചവടം പൂട്ടിയതോടെ ഉള്ളി കച്ചവടത്തിന്റെ പേരിലും കോഴിവളം ഇടപാടിന്റെ പേരിലും മാഷില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി. മാസ്റ്ററുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സിമന്റ് കച്ചവടത്തിന്റെ മറവിലും മൂര്‍ത്തി തട്ടിപ്പ് നടത്തി. ഈ ഇടപാടുകള്‍ക്ക് വേണ്ടി മാഷില്‍ നിന്നും ഭാര്യയില്‍ നിന്നും ഒപ്പിട്ടുവാങ്ങിയ ചെക്കുകള്‍ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഏതാണ്ട് 35 ലക്ഷത്തോളം രൂപ മൂര്‍ത്തി തട്ടിയെടുക്കുകയും ചെയ്തു.
മകള്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിക്കാനും കുടുംബത്തിന് വീടുണ്ടാക്കാനും മാഷിന്റെ കുടുംബം മൂര്‍ത്തിയെ കൈയ്യയച്ച് സഹായിച്ചു.
മുഹമ്മദ് മാസ്റ്ററുടെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍റഹ്മാന്റെ പേരില്‍ പുഞ്ചാവി ഗവ. എല്‍പി സ്‌കൂളിനടുത്ത് നിര്‍മ്മിച്ചിരുന്ന പുത്തന്‍ ഇരുനില വീട് മൂര്‍ത്തിയുടെ കുടുംബത്തിന് നല്‍കാന്‍ മാസ്റ്ററും ഭാര്യ ഖദീജുമ്മയും ഏറെ താല്‍പ്പര്യമെടുക്കുകയും ചെയ്തു. മാര്‍ബിള്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന പടന്നക്കാട് ജമാഅത്ത് കെട്ടിടത്തില്‍ ഏതാണ്ട് 10 ലക്ഷം രൂപ മുടക്കി ഫാന്‍സി റെഡിമെയ്ഡ് സ്ഥാപനം തുടങ്ങി. അതിന്റെ ചുമതലയും പ്രകാശന്‍ മൂര്‍ത്തിക്കും ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മകള്‍ക്കും നല്‍കി. 

ഈ സ്ഥാപനവും മൂര്‍ത്തി സ്വന്തമാക്കിയതോടെയാണ് ഇയാളുടെ തട്ടിപ്പ് പരമ്പരകള്‍ മുഹമ്മദ്കുഞ്ഞി മാഷിനും കുടുംബത്തിനും ബോധ്യപ്പെട്ടത്.
ഇതിനിടെ മാഷിന്റെ ഭാര്യ ഖജീജുമ്മ മരണപ്പെട്ടു. ഖദീജുമ്മയുടെ പേരിലായിരുന്നു ഈ സ്ഥാപനം.
ഖദീജുമ്മ മരണപ്പെട്ടതിന്റെ അഞ്ചാം ദിവസം സ്ഥാപനം പ്രകാശന്‍ മൂര്‍ത്തി അതിരഹസ്യമായി തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പടന്നക്കാട്ടെ നാട്ടുകാര്‍ ജാതി-മത-രാഷ്ട്രീയമില്ലാതെ ഒന്നിച്ചു നിന്ന് പ്രകാശന്റെ തട്ടിപ്പിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഇതിനിടെ തന്റെയും ഭാര്യയുടെയും ഒപ്പിട്ട ചെക്കുകള്‍ ഉപയോഗിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെന്ന മാസ്റ്ററുടെ പരാതിയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശന്‍ മൂര്‍ത്തി വെളളിയാഴ്ച ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.