Latest News

റഹീസിന്റെ മരണം വീട്ടുകാർക്കും നാട്ടുകാർക്കും തോരാത്ത കണ്ണീരായി

തൃക്കരിപ്പൂർ: നിറമാർ‍ന്ന സ്വപ്നങ്ങളുമായി റഹീസ് ജീവിതം തുടങ്ങിയതേയുള്ളൂ. പക്ഷേ, അപ്പോഴേക്കും മാർബിളിന്റെ രൂപത്തിലെത്തിയ മരണം കരുത്തനായ റഹീസിന്റെ ജീവൻ കവർന്നെടുത്തു. പൂവണിയാത്ത റഹീസിന്റെ കിനാവുകൾക്കൊപ്പം തകർന്നുടഞ്ഞത് ഉറ്റവരുടെ സ്വപ്നങ്ങളും.[www.malabarflash.com] 

കഴിഞ്ഞ ദിവസം മാർബിൾ ദേഹത്തുവീണ് മരിച്ച വലിയപറമ്പ് മാവിലാക്കടപ്പുറം ഒരിയരയിലെ ചുമട്ടുതൊഴിലാളി ടി.റഹീസ് (28) വീട്ടുകാർക്കും നാട്ടുകാർക്കും തോരാത്ത കണ്ണീരായി. 

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഞായറാഴ്ച ഉച്ചയോടെ നാട്ടിൽ കൊണ്ടുവന്ന മയ്യിത്ത് കാണാൻ കടലിനും കായലിനും മധ്യത്തിലെ പ്രദേശത്ത് തടിച്ചു കൂടിയ ജനക്കൂട്ടം വിതുമ്പലോടെ റഹീസിന് അന്ത്യയാത്ര നൽകി. നിരവധി പേരുടെ സാന്നിധ്യത്തിൽ ഒരിയര ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. 

എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, കെപിസിസി അംഗം കെ.വി.ഗംഗാധരൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.കമറുദ്ദീൻ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, വൈസ് പ്രസിഡന്റുമാരായ കെ.കെ.രാജേന്ദ്രൻ, പി.കെ.ഫൈസൽ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട അനേകം പേർ അന്തിമോപചാരം അർപ്പിച്ചു.

മാവിലാക്കടപ്പുറം പാലത്തിനു സമീപത്ത് രാജസ്ഥാനിൽ നിന്നു കണ്ടെയ്നർ ട്രക്കിൽ കൊണ്ടുവന്ന മാർബിൾ ഇറക്കുന്നതിനിടെ തകർന്നു വീണ മാർബിൾ തലയിൽ തറച്ചതാണ് റഹീസിന്റെ മരണത്തിനിടയാക്കിയത്. സാധാരണ നിലയിൽ മാർബിൾ ലോഡ് കൊണ്ടു വരുമ്പോഴും ഇറക്കുമ്പോഴും സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനം ഇല്ലാത്തത് അപകടവും അതുവഴി ഒരു ജീവൻ കവർന്നെടുക്കുന്നതിനും ഇടയാക്കി. 

പ്രദേശത്തെ എല്ലാവർക്കും സ്വീകാര്യനായ മിടുക്കനായിരുന്നു ഐഎൻടിയുസി പ്രവർത്തകൻ കൂടിയായ ഈ യുവാവ്. കുടുംബത്തിനായി കഠിനാധ്വാനം നടത്തിപ്പോന്നയാളായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.