Latest News

ദുരൂഹ സാഹചര്യത്തില്‍ മലേഷ്യയില്‍ മരിച്ച കാഞ്ഞങ്ങാട്‌ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു പണം തട്ടി

കാഞ്ഞങ്ങാട്‌: മലേഷ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട്‌ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു പണം തട്ടി. ഇതോടെ മരണത്തില്‍ സംശയം ഇരട്ടിച്ചു. സംഭവത്തില്‍ ഭാര്യ നല്‍കിയ പരാതിയിന്മേല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.[www.malabarflash.com] 

കാഞ്ഞങ്ങാട്‌, ആവിക്കര, കൊവ്വലിലെ അബ്‌ദുല്‍ റസാഖി(42)നെ 2015 ഒക്‌ടോബര്‍ 11ന്‌ ആണ്‌ മലേഷ്യയിലെ ക്വാലാലംപൂരില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌.
അന്നു മൃതദേഹം പോസ്റ്റു മോര്‍ട്ടം നടത്തിയശേഷം നാട്ടിലെത്തിച്ച്‌ സംസ്‌ക്കരിക്കുകയും ചെയ്‌തു. മരണത്തില്‍ സംശയം ഉണ്ടെന്നു അന്നു തന്നെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം ഉണ്ടായില്ല. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും ഉണ്ടായില്ല. അന്വേഷണം നടത്തണമെന്നു കാണിച്ച്‌ അന്നത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മലേഷ്യയിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.
12 വര്‍ഷക്കാലം ഗള്‍ഫിലായിരുന്ന അബ്‌ദുല്‍ റസാഖ്‌ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ്‌ മലേഷ്യയിലേയ്‌ക്കു പോയത്‌. അവിടെ കാന്റീനില്‍ ജോലി ചെയ്‌തു വരുന്നതിനിടയിലായിരുന്നു മരണം. തൂങ്ങി മരിച്ചുവെന്നാണ്‌ അന്നു നാട്ടില്‍ അറിയിച്ചിരുന്നത്‌.
എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മരണത്തിനു നാലു ദിവസം മുമ്പ്‌ ചെന്നൈയില്‍ നിന്നു ആരോ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഭാര്യ ഇപ്പോള്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അബ്‌ദുല്‍ റസാഖ്‌ മരണപ്പെട്ടതിനുശേഷം ഭാര്യ ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം കിട്ടുന്നതിനായി അക്കൗണ്ട്‌ ഉള്ള വിജയ ബാങ്കിനെ സമീപിച്ചു. എന്നാല്‍ അവകാശികളാണെന്നു ഉറപ്പിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാതെ പണം നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞു തിരിച്ചയച്ചു.
പിന്നീട്‌ രേഖകളുമായി സമീപിച്ചപ്പോഴാണ്‌ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 30,500 രൂപ എടിഎം വഴി ചെന്നൈയില്‍ നിന്നു പിന്‍വലിച്ചത്‌.

നാലു തവണയായിട്ടാണ്‌ പണം പിന്‍വലിച്ചതെന്നും കണ്ടെത്തി. ഇതോടെയാണ്‌ അബ്‌ദുല്‍ റസാഖിന്റെ മരണത്തില്‍ ദുരൂഹതയേറിയത്‌. മരണത്തെക്കുറിച്ചും ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭാര്യ നസീമ പോലീസില്‍ പരാതി നല്‍കിയത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.