Latest News

ജാനകി ടീച്ചറുടെ കൊല ആസൂത്രണം ചെയ്തത് ചീമേനിയുമായി ബന്ധമുള്ളയാള്‍

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസ് തെളിയുന്നു.[www.malabarflash.com]

ആന്ധ്രയില്‍ നിന്നും ബംഗാളില്‍ നിന്നുമെത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. സംഘത്തിന് നേതൃത്വം നല്‍കിയത് ചീമേനിയുമായി ബന്ധമുള്ള ഒരു മലയാളിയാണത്രെ. പോലീസിന്റെ തലനാരിഴ കീറിയുള്ള പരിശോധനയാണ് കേസിന് തുമ്പുണ്ടാക്കിയത്.

ഡിസംബര്‍ 13ന് രാത്രി 9 മണിക്കാണ് കൊല നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് വേണ്ടി പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടതോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായി അന്വേഷണം. അന്ന് രാത്രി ചീമേനിയിലെ ജാനകിയുടെ വീടും പരിസരവും ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രവര്‍ത്തിച്ച മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി പോലീസ് ശാസ്ത്രീയ പരിശോധനക്ക് തയ്യാറായി. 

40 ടവറുകളുടെ റെയ്ഞ്ച് ചീമേനിയില്‍ ലഭിക്കുന്നുണ്ടായിരുന്നു. രാത്രി 7നും പത്തിനുമിടയില്‍ ഒരു ലക്ഷം മൊബൈല്‍ നമ്പറുകളാണ് ഇത്രയും ടവറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊലയാളികള്‍ പരസ്പരം ഫോണ്‍ വിളിക്കാന്‍ സാധ്യതയില്ലെന്ന് പോലീസിന് അറിയാമായിരുന്നു. അതിനാല്‍ തന്നെ ഓണ്‍ ചെയ്തുവെച്ച എല്ലാ മൊബൈല്‍ ഫോണുകളും പരിശോധിക്കാന്‍ പോലീസ് തയ്യാറായി. ഒരു ലക്ഷം നമ്പറില്‍ നിന്ന് ചീമേനി പ്രദേശത്ത് മാത്രമുണ്ടായിരുന്ന ആയിരം നമ്പറുകള്‍ പോലീസ് വേര്‍തിരിച്ചെടുത്തു. ഓരോ നമ്പറുകളിലേക്കും വിളിച്ച് അവരുടെ പേരും അഡ്രസും രേഖപ്പെടുത്തി വെക്കുകയായിരുന്നു ലക്ഷ്യം. 

പത്തുപേരടങ്ങുന്ന പോലീസ് സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ചീമേനി പോലീസ് സ്റ്റേഷന് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷണ സംഘം തമ്പടിച്ചായിരുന്നു ഓരോ നീക്കങ്ങളും. ആയിരം നമ്പറുകളില്‍ പത്ത് മൊബൈല്‍ ഫോണുകളില്‍ തുടര്‍ച്ചയായി വിളിച്ചിട്ടും സ്വിച്ച് ഓഫ് ആയിരുന്നു. അവരുടെയെല്ലാം മേല്‍വിലാസം ശേഖരിക്കാനായി മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടു. ഇതില്‍ രണ്ട് സിംകാര്‍ഡുകള്‍ പശ്ചിമബംഗാളില്‍ നിന്നും ഒന്ന് ആന്ധ്രയില്‍ നിന്നും എടുത്തതാണെന്ന് വ്യക്തമായി. എന്നിട്ടും ഇവര്‍ക്ക് കൊലയുമായി ബന്ധമുണ്ടാകാനുള്ള സാധ്യത വ്യക്തമായിരുന്നില്ല. 

പറശ്ശിനിക്കടവില്‍ മുഖംമൂടി വാങ്ങിയ ദിവസം മൂന്ന് നമ്പറുകള്‍ പറശ്ശിനിക്കടവ് ടവറിന് കീഴിലുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഇത് കൊലയാളി സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. നാലു പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും ഒരാള്‍ സംഘത്തിന് വഴികാട്ടിയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.

ജാനകിയുടെയും കൃഷ്ണന്‍ മാസ്റ്ററെയും വ്യക്തമായി അറിയാവുന്ന ഒരാളാണ് കൊലയുടെ മാസ്റ്റര്‍ ബ്രെയിനെന്ന് പോലീസ് ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ തെളിവായെടുത്ത് പോലീസ് അന്വേഷണം നടത്തുമെന്ന് മുന്‍ ധാരണയുണ്ടായിരുന്ന ഇയാള്‍ കൊല നടന്ന ദിവസം മൊബൈല്‍ ഫോണ്‍ തെക്കന്‍ ജില്ലയില്‍ വെച്ചാണ് ചീമേനിയില്‍ എത്തിയതെന്നാണ് നിഗമനം. എല്ലാ ദിവസവും പരമാവധി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഇയാള്‍ കൊല നടന്ന അന്ന് കോളുകളൊന്നും വിളിച്ചിട്ടില്ലെന്നും സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമായി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാതെ സ്വന്തം താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നുവെന്നാണ് നിഗമനം.

2017 ഡിസംബര്‍ 12, 13, 14 തിയതികളില്‍ ക്വട്ടേഷന്‍ സംഘം ചീമേനിയില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് ദിവസവും ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓണ്‍ ആയി കിടന്നിരുന്നു. എന്നാല്‍ ഇവര്‍ എവിടെയാണ് താമസിച്ചതെന്ന് വ്യക്തമല്ല. 

കണ്ണൂരിനും ചെറുവത്തൂരിനുമിടയിലെ എല്ലാ ലോഡ്ജുകളും ക്വാര്‍ട്ടേഴ്‌സുകളും പോലീസ് പരിശോധിച്ചു. സംശയ സാഹചര്യത്തില്‍ ആരും ഇവിടെ താമസിച്ചിട്ടില്ലെന്ന് വ്യക്തമായി. ഏതെങ്കിലും വീടുകളിലോ റോഡരികില്‍ ടെന്റ് കെട്ടിയോ സംഘം കഴിഞ്ഞിരിക്കാമെന്നാണ് സംശയിക്കുന്നത്. കച്ചവടക്കാരായോ മറ്റോ വേഷം മാറിയാകണം സംഘമെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.