Latest News

ബജ്‌രംഗ് പ്രവര്‍ത്തകര്‍ കൊന്ന ബഷീര്‍ ജീവന്‍ രക്ഷിച്ച കഥ ഓര്‍മിച്ച് പ്രഭാകര്‍

മംഗളുരു: ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അഹമ്മദ് ബഷീറിന്റെ മരണം ഇപ്പോഴും പ്രഭാകരന് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.[www.malabarflash.com]

ബഷീറിനെ അറിയുന്ന ആര്‍ക്കും അദ്ദേഹത്തോട് ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് അത്രക്കും ഉറപ്പാണ് സുഹൃത്തും അയല്‍വാസിയുമായ പ്രഭാകരന്. അത്രമാത്രം സഹജീവികളോട് കാരുണ്യം കാണിക്കുന്നവനായിരുന്നു തന്റെ സുഹൃത്ത്. സഹായം ചോദിച്ചെത്തുന്ന ഒരാളെയും വെറും കയ്യോടെ മടക്കി അയച്ചിട്ടില്ലെന്നും പ്രഭാകരന്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായം നല്‍കുന്നത് ജാതിയോ മതമോ ബഷീര്‍ കണക്കിലെടുത്തിയിരുന്നില്ല.

പ്രഭാകരനും ഉണ്ട് ബഷീറിനോട് തീരാത്ത കടപ്പാട്. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ബഷീറിന്റെ കൃത്യ സമയത്തെ ഇടപെടല്‍ കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. 

25 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വച്ച് ഒരു കൂട്ടം ആക്രമികള്‍ പ്രഭാകരനെ ലക്ഷ്യം വച്ചെത്തിയപ്പോള്‍ രക്ഷപ്പെടുത്തിയത് ബഷീറായിരുന്നു. 1993ലായിരുന്നു അത്. സൗദിയില്‍ നിന്ന് പ്രവാസികളായ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കാനെത്തിയപ്പോള്‍ പ്രഭാകരന്‍ ഞങ്ങളുടെ കൂടെയുള്ളവനാണ്. അവനെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് ബഷീറെത്തിയപ്പോഴാണ് അവര്‍ തന്നെ വിട്ടു പോയത്- പ്രഭാകരന്‍ ഓര്‍മിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് മംഗളൂരു കൊട്ടാര ചൗക്കിയില്‍ വച്ച് ഒരു സംഘം ബഷീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്നു ബഷീര്‍. 

രാത്രി കടയടയ്ക്കാന്‍ നേരം കടയിലേക്ക് കയറിവന്ന ഏഴംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിലേക്ക് ഇറങ്ങി സഹായത്തിന് കേഴുന്നതിനിടെ അതുവഴി വന്ന ആംബുലന്‍സ്‌ ഡ്രൈവര്‍ ശേഖറാണ് ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സയിലിരിക്കെ ഞായറാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.