Latest News

അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ഗാന്ധിഭവന്‍ അഭയമായി

പത്തനാപുരം : അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ഗാന്ധിഭവന്‍ അഭയമായി. കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന്‍ (32), ഇവരുടെ മകന്‍ രണ്ടുവയസ്സുകാരന്‍ അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന്‍ അഭയമായത്.[www.malabarflash.com]

കാഞ്ഞങ്ങാട് സ്വദേശിനി പ്രിയയ്ക്ക് മാതാവും രണ്ടുസഹോദരങ്ങളുമുണ്ട്. പിതാവ് മോഹനന്‍ പ്രിയയുടെ ചെറുപ്പത്തിലേ മരിച്ചു. മാതാവ് ലളിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് പ്രിയയും ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് പ്രിയയും അമ്മയെ സഹായിക്കാനായി വീട്ടുജോലിക്കിറങ്ങി. അതിനിടെയാണ് കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന്‍ റിയാസ് റഹ്!മാനുമായി പരിചയത്തിലാവുന്നത്. 

സൗഹൃദമായിത്തുടങ്ങിയ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഒടുവില്‍ തന്റെ 26-ാം വയസ്സില്‍ പ്രിയ റിയാസുമൊത്ത് വീടുവിട്ടു. വിവാഹിതരാകാതെതന്നെ ഒരുമിച്ച് താമസവും തുടങ്ങി. അതിനുശേഷമാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും താന്‍ അറിഞ്ഞതെന്ന് പ്രിയ പറയുന്നു. അതിനിടെ പ്രിയയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇവരെ കണ്ടെത്തിയെങ്കിലും മകളെ തങ്ങള്‍ക്കിനി വേണ്ടെന്ന് വീട്ടുകാര്‍ തീര്‍ത്തുപറഞ്ഞു.

റിയാസിനൊപ്പം പാലക്കാട് കല്ലോട്ടുകുളത്തെത്തിയ അവര്‍ അവിടെ സ്വന്തമായി സ്ഥലംവാങ്ങി ചെറിയ ഷെഡ്ഡ് കെട്ടി താമസിച്ചുവരുകയായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ ആദ്യഭാര്യ മാനസികരോഗിയായിരുന്നെന്നും മക്കള്‍ തങ്ങളോടൊപ്പമായിരുന്നു താമസമെന്നും പ്രിയ പറയുന്നു.

മൂന്നുവര്‍ഷംമുന്‍പാണ് റിയാസിന് ബ്ലഡ് ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നത്. ഡിസംബര്‍ 29-ന് റിയാസ് മരിച്ചു. റിയാസിന്റെ മരണത്തോടെ അയാളുടെ ആദ്യബന്ധത്തിലുണ്ടായിരുന്ന മക്കളെ കൊല്ലത്തുള്ള ഒരു യത്തീംഖാനയിലാക്കി. 

റിയാസിന്റെ മരണത്തിനുശേഷം അയാളുടെ വീട്ടില്‍ കഴിയാനാവാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പാലക്കാട്ടുള്ള വീട്ടിലേക്ക് മടങ്ങിയെങ്കിലും അവിടെ തനിച്ച് കഴിയാനാകാതെവന്നതോടെ തിരികെയെത്തുകയും കൊട്ടിയം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 

കൊട്ടിയം എസ്.ഐ. എ.അനൂപ് അറിയിച്ചതുപ്രകാരം ഗാന്ധിഭവന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധിഖ് മംഗലശ്ശേരി, സി.പി.ഒ. എസ്.സൂര്യ, ജി.ജോബിന്‍, ലിയോണ്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവനിലെത്തിച്ചു.

സ്വദേശമായ കാഞ്ഞങ്ങാട്ട് അമ്മയും സഹോദരങ്ങളുമുണ്ടെങ്കിലും വര്‍ഷങ്ങളായി ബന്ധമൊന്നുമില്ലാതിരുന്നതിനാല്‍ അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് പ്രിയയ്ക്ക് അറിയില്ല. എങ്കിലും തന്റെ ഇപ്പോഴത്തെ ദുരിതാവസ്ഥയറിഞ്ഞാല്‍ അവര്‍ തേടിവരുമെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.