Latest News

കേരളീയര്‍ ഇന്ന് അന്താരാഷ്ട്ര സമൂഹം;ലോക കേരള സഭ രാജ്യത്തിനാകെ മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഇടപെടാന്‍ ലോക കേരളസഭയ്ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.[www.malabarflash.com]

കേരളീയര്‍ ഇന്ന് അന്താരാഷ്ട്ര സമൂഹമാണ്. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോകകേരളസഭയുടെ ലക്ഷ്യം. ലോകമെങ്ങുമുള്ള മലയാളികളുടെ നൈപുണ്യം നാടിന് പ്രയോജനപ്പെടുത്താനാകണം.

പ്രവാസി മൂലധനം നാടിന്റെ വളര്‍ച്ചക്ക് പ്രയോജനപെടുത്തണം. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. വന്‍ പലിശക്കുള്ള വിദേശകടത്തേക്കാള്‍ എത്രയോ നല്ലതാണ് പ്രവാസി നിക്ഷേപം. ഇത്തരം സാധ്യതകള്‍ വിനിയോഗിക്കാന്‍ കേന്ദ്രത്തിനാകണം.

പ്രവാസി പുനരധിവാസത്തിന് ഒരുമിച്ചുള്ള പദ്ധതികള്‍ വേണം.ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം. പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനുള്ള തടസ്സം നീക്കണം. കിഫ്ബിയെ പ്രവാസി നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണം. പ്രവാസി നിഷേപങ്ങള്‍ക്കുള്ള എകോപനം സാധ്യമാക്കണം.

വിദേശത്തേക്ക് പോകുന്നതിനു വിശ്വാസ്യതയുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വേണം. സ്ത്രീ പ്രവാസികള്‍ക്ക് നേരെയുള്ള ചൂക്ഷണം തടയണം. ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങിയാല്‍ പിന്നെന്തുചെയ്യണമെന്നാലോചിക്കണം.

ജനാധിപത്യം സാമൂഹ്യമാറ്റത്തിനെന്ന് തെളിയിച്ച നേതാവാണ് എകെജിയെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന് എകെജി എന്നും വഴികാട്ടിയാണെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ആവേശമാകുന്നതാണ് ലോകകേരളസഭയെന്നും പിണറായി പറഞ്ഞു.

സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ അംഗങ്ങളാകും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 42 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയവരുമാണ്. വിവിധ മേഖലകളിലെ 30 പ്രമുഖ വ്യക്തികളെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൌെരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചത്.

ലോക കേരളസഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയമാകും.

ലോക കേരളസഭയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും.

പകല്‍ 2.30 മുതല്‍ അഞ്ച് ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും. പൊതുസമ്മേളനത്തില്‍ മേഖലാചര്‍ച്ചകളുടെ അവതരണം ഉണ്ടാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രവാസിവ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.15മുതല്‍ സാംസ്കാരികപരിപാടികള്‍. പ്രഭാവര്‍മ രചിച്ച് ശരത് സംഗീതംനല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കൊറിയോഗ്രഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യാവിഷ്കാരം 'ദൃശ്യാഷ്ടക'വും അരങ്ങേറും.

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതികവിദ്യകള്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

രണ്ടാം സെഷനില്‍ പ്രവാസത്തിന്റെ പ്രശ്നങ്ങള്‍, പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം, സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, സാംസ്കാരികം വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പകല്‍ രണ്ടിന് പൊതുസഭാസമ്മേളനം ആരംഭിക്കും. 3.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനപ്രസംഗം നടത്തും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനാകും. പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.