Latest News

ലീഗ് ഓഫീസ് തകര്‍ത്ത സംഭവം: പെരിന്തൽമണ്ണ താലൂക്കിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ ചൊവ്വാഴ്ച ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം. പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജിലുണ്ടായ അക്രമത്തിലും മണ്ഡലം മുസ്‌ലിം ലീഗ് ഓഫിസ് തകര്‍ത്തതിലും പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുന്നതെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍ അറിയിച്ചു.[www.malabarflash.com]

ജില്ല തലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് താലൂക്കിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടര മുതല്‍ വൈകീട്ട് അഞ്ചര വരെ പെരിന്തല്‍മണ്ണ നഗരം അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ്ടു. എന്തും സംഭവിക്കാവുന്ന സ്ഥിതിയായിരുന്നു നഗരത്തിലെങ്ങും. ലീഗ് ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒരുഭാഗത്ത് ലീഗ് പ്രവര്‍ത്തകരും അവര്‍ക്ക് അഭിമുഖമായി പോലീസും പട്ടാമ്പി റോഡിലെ സി.പി.എം ഓഫിസ് പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതാണ് സംഘര്‍ഷാവസ്ഥ കനപ്പിച്ചത്. ലീഗ് ഓഫിസ് അക്രമിച്ചവര്‍ക്ക് പാര്‍ട്ടി ഓഫിസ്‌സംരക്ഷണം നല്‍കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം.
ഉച്ചക്ക് നിലമ്പൂര്‍ റോഡില്‍ മുദ്രാവാക്യം വിളിയും പ്രകടനവുമായി എത്തിയവരെ പോലീസ് വിരട്ടിയോടിച്ചതില്‍ നിരവധി പേര്‍ക്ക് ലാത്തിയടിയേറ്റു. പ്രകടനം കണ്ട് കടവരാന്തകളില്‍ നിന്നവര്‍ക്കും ലാത്തിയടിയേറ്റു. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് മെയിന്‍ ജങ്ഷന്‍ ഉപരോധിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അഞ്ചുമണിക്ക് ശേഷവും നഗരത്തിലെ ഗതാഗതം പലവഴിക്കും തിരിച്ചുവിടുകയായിരുന്നു. ഈ സമയമെല്ലാം ഇരു ഭാഗത്തെയും പ്രവര്‍ത്തകരും നഗരത്തില്‍ തമ്പടിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പോളിടെക്‌നിക്കില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇന്റര്‍സോണ്‍ ക്രിക്കറ്റില്‍ ജയിച്ച ടീം അംഗങ്ങളെ അനുമോദിക്കാനുള്ള യോഗം തുടങ്ങാനിരിക്കേ നൂറോളം വരുന്ന സംഘം വടികളുമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ പറഞ്ഞു. 

അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു. തലക്ക് പരിക്കേറ്റ മെക്കാനിക്കല്‍ ലെക്ചറര്‍ കെ. മുഹമ്മദ് സലീം (53) ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സ തേടി. കല്ലേറില്‍ നിരവധി ജനല്‍ചില്ലുകള്‍ തകര്‍ന്നു. അധ്യാപകരായ പി. മോഹനന്‍, കെ.പി. രാജേഷ് എന്നിവരുടെ കാറുകള്‍ക്കും ദീപ എന്ന അധ്യാപികയുടെ സ്‌കൂട്ടറിനും കേടുപറ്റി.

സംഘര്‍ഷത്തിനിടെ പ്രിന്‍സിപ്പല്‍ പോലീസിനെ വിളിച്ചെങ്കിലും ആവശ്യത്തിന് പോലീസില്ലെന്ന മറുപടിയായിരുന്നു ആദ്യം. ഒരു മണിക്കൂറിന് ശേഷമാണ് ഒരു ജീപ്പില്‍ പോലീസ് എത്തിയത്. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പോളിക്ക് മുന്നില്‍ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കുത്തിയിരിപ്പ് നടത്തി വാഹനഗതാഗതം തടസ്സപ്പെടുത്തി. 

പിന്നീട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പെരിന്തല്‍മണ്ണ ടൗണിലേക്ക് നീങ്ങുകയും ലീഗ് ഓഫിസ് പ്രവര്‍ത്തിക്കുന്ന സി.എച്ച് സൗധത്തിന് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു.

അക്രമികള്‍ ലീഗ് ഓഫിസില്‍ കയറിയെന്ന സംശയത്തിലാണ് ഓഫിസിന്റെ ഷട്ടര്‍ തകര്‍ത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. 

മുകള്‍നിലയിലെ സി.സി.ടി.വി, ഫര്‍ണിച്ചറുകള്‍, ഓഫിസ് ഉപകരണങ്ങള്‍, കസേരകള്‍ എന്നിവ അടിച്ചുനശിപ്പിച്ചു. രേഖകളും മറ്റും വാരിയെറിഞ്ഞു. കസേരകളും മറ്റും റോഡിലേക്ക് എടുത്തെറിഞ്ഞും റോഡിലടിച്ചുമാണ് തകര്‍ത്തത്. സംഭവമറിഞ്ഞ് ജനം തടിച്ചുകൂടി. പലരും പോലീസിനെ അറിയിച്ചെങ്കിലും മണിക്കൂറിലേറെ കഴിഞ്ഞാണ് കേവലം 300 മീറ്റര്‍ അകലെയുള്ള സ്‌റ്റേഷനില്‍നിന്ന് അവര്‍ എത്തിയത്. അപ്പോഴേക്കും ലീഗ് ഓഫിസിലെ ഉപകരണങ്ങള്‍ അടിച്ചുനിരത്തിയിരുന്നു. 

സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലും അടിപിടിയിലും 15 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും 13 ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 

ആനക്കയം കെ. മുഹമ്മദ് സലീം ഇലാഹി (21), പുല്‍പറ്റ വി.സി. അഖില്‍രാജ് (19), പട്ടിക്കാട് പി. ജിഷ്ണു (21), ഭൂദാനം എം.എസ്. ഷൈന്‍ (21), മോങ്ങം ഇ.കെ. സംഗീത് (20), മങ്കട കെ.വി. നിഖില്‍ (24), മഞ്ചേരി യേശുദാസ് സെബാസ്റ്റിയന്‍ (19), അമ്മിനിക്കാട് പി.ജിഷ്ണു (20), ആനമങ്ങാട് ഇ. മുഹമ്മദ് അനസ് റോഷന്‍ (19), അരീക്കോട് എന്‍.എസ്. വിഷ്ണു (21), എരഞ്ഞിമങ്ങാട് കെ. ഷരത് കൃഷ്ണന്‍ (18), കാവനൂര്‍ അമല്‍ വിശ്വനാഥ് (20), വെള്ളില വിജേഷ് (23), മുണ്ടുപറമ്പ് പി. അര്‍ജുന്‍(18), പെരിന്തല്‍മണ്ണ എ.കെ. അരുണ്‍(19) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്ക്. ഇവരെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോടതിപ്പടിയിലെ ഏരിയ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ കല്ലേറില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗം കരിങ്കല്ലത്താണി അഡ്വ. ടി.കെ. സുല്‍ഫിക്കറലി (39), അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ പി.എസ്.സന്തോഷ്‌കുമാര്‍ (42) എന്നിവര്‍ക്ക്?പരിക്കേറ്റു. ഇവരെയും ഇ.എം.എസ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരൂര്‍ക്കാട് കുന്നത്ത് മുഹമ്മദ് (47), പുറമണ്ണൂര്‍ മുടമ്പത്ത് മുഹമ്മദ് ഷമീം (20), തിരൂര്‍ക്കാട് ഇ.കെ. ഹൗസില്‍ കുഞ്ഞിമുഹമ്മദ്(43), രാമപുരം തയ്യില്‍ കാരുതൊടി ജിഷാദ് (19), രാമപുരം മൂനക്കല്‍ ഉമറുല ഫാറൂല്‍ (32), കൂട്ടിലങ്ങാടി തേറമ്പന്‍ ഷാഫി (26), മങ്കട തോട്ടത്തൊടി നസീദ് (18), പുറമണ്ണൂര്‍ തട്ടാന്‍തൊടി മുഹമ്മദ് റാഷിദ്(20), വലമ്പൂര്‍ മാളിയേക്കല്‍ ആഷിക് (22), കുളക്കാടന്‍ അസീസ് (55), ആനമങ്ങാട് അത്തിക്കോടന്‍ അബുസിയാസ് (26), ചെരക്കാപറമ്പ് പൊട്ടച്ചിറ റിയാസ് (20), ആനമങ്ങാട് ശീലത്ത് അഷ്റഫ് (39) എന്നിവരാണ് പരിക്കേറ്റ ലീഗ് പ്രവര്‍ത്തകര്‍. ഇവരെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോളിയില്‍ കയറി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ 12.30ഓടെ വടികളുമായി പെരിന്തല്‍മണ്ണ ടൗണിലേക്ക് പ്രകടനമായി എത്തി ലീഗ് ഓഫിസ് ഷട്ടര്‍ തകര്‍ത്ത് കയറി അടിച്ച് നശിപ്പിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ് ലീഗ് പ്രവര്‍ത്തകരെത്തി റോഡ് ഉപരോധിച്ചു. പിന്നീട് പ്രകടനമായി മെയിന്‍ ജങ്ഷനിലേക്ക് നീങ്ങിയതോടെ സംഘര്‍ഷാവസ്ഥയായി. നേരിടാന്‍ പോലീസും നിരന്നു. ലീഗുകാരുടെ പ്രകടനമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും ഓഫിസ് പരിസരത്ത് സംഘടിച്ചു. ഇതിനിടെയായിരുന്നു പാര്‍ട്ടി ഓഫിസിന് നേരെ കല്ലേറ്. കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായതോടെ പോലീസ് ലാത്തിവീശി.

ഉച്ചക്ക് രണ്ടോടെ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വാഹനയോട്ടവും നിലച്ചു. യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ലീഗുകാര്‍ മെയിന്‍ ജങ്ഷനില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുതുടങ്ങി. കടകളടച്ചതും വാഹനഗതാഗതം നിലച്ചതും ജനത്തെ വലച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് മെയിന്‍ ജങ്ഷനില്‍ കുത്തിയിരിക്കുന്ന അണികളോട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷമാണ് കുത്തിയിരുന്നവര്‍ പിരിഞ്ഞത്. പിന്നീടും പ്രവര്‍ത്തകര്‍ നഗരത്തില്‍ തമ്പടിച്ചു നിന്നു.

അതേ സമയം അങ്ങാടിപ്പുറം പോളിടെക്നിക്കിലും പെരിന്തല്‍മണ്ണ നഗരത്തിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ കൃത്യസമയത്ത് എത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കടുത്ത വിമര്‍ശനം. രാവിലെ മുതല്‍ പോളിടെക്നിക്കില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായപ്പോള്‍തന്നെ പോലീസ് സേവനം ആവശ്യപ്പെട്ടെങ്കിലും തക്കസമയത്ത് ആരുമെത്തിയില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പരാതി. 

കല്ലേറും ഭീകരാന്തരീക്ഷമുണ്ടായിട്ടും മതിയായ പോലീസ് പോളിയില്‍ ഉണ്ടായില്ല. തുടര്‍ന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പ്രകടനമായാണ് പെരിന്തല്‍മണ്ണയിലേക്ക് വന്നത്. ഇവര്‍ക്കൊപ്പം വരാനോ തടയാനോ പോലീസുണ്ടായിരുന്നില്ല. പോലീസ് ഒപ്പമുണ്ടായിരുന്നെങ്കില്‍ ലീഗ് ഓഫിസ് അക്രമം തടയാനാവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 

12.20ഓടെ ലീഗ് ഓഫിസ് തകര്‍ത്തിട്ടും 12.50ഓടെയാണ് ഒരു ജീപ്പ് പോലീസ് സ്ഥലത്തെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീടും 15 മിനിറ്റിന് ശേഷമാണ് നിലമ്പൂര്‍, പാണ്ടിക്കാട് സി.ഐമാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് ടൗണില്‍ വന്നത്.

അതേ സമയം വിദ്യാര്‍ഥി സംഘര്‍ഷം കണക്കിലെടുത്ത് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്ക് കോളജിന് അവധി നല്‍കി. അതിനിടെ ചൊവ്വാഴ്ച രാവിലെ 10ന് അടിയന്തര പി.ടി.എ യോഗം ചേരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.