Latest News

മംഗളൂരു വിമാനത്താവളത്തിൽ സന്ദർശകർക്കുള്ള സൗകര്യം വെട്ടിച്ചുരുക്കി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സന്ദർശകർക്കുള്ള സൗകര്യം വെട്ടിച്ചുരുക്കിയെന്ന് ആക്ഷേപം. യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്ന സന്ദർശകർക്കുള്ള സൗകര്യങ്ങളാണു പരിമിതപ്പെടുത്തിയത്.[www.malabarflash.com] 

75 രൂപയുടെ പ്രവേശന പാസ് എടുത്തു വിമാനത്താവളത്തിനകത്തേക്ക് കടക്കുന്നവർക്ക് ഉണ്ടായിരുന്ന സൗകര്യങ്ങളാണ് വെട്ടിച്ചുരുക്കിയത്.
നേരത്തേ യാത്രയാക്കാനായി എത്തുന്നവർക്കുണ്ടായിരുന്ന സ്ഥലസൗകര്യം പരിമിതപ്പെടുത്തിയതിനു പുറമെ സന്ദർശകർക്ക് ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചു. 

സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം എത്തുന്നവർ ഒരാൾക്ക് 75 രൂപ നൽകി സന്ദർശകർക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്കു കടന്നാൽ മൂന്ന് മണിക്കൂർ വരെ അവിടെ തങ്ങാൻ അനുമതിയുണ്ട്. എന്നാൽ അതിനകത്തെ ശൗചാലയം ഉപയോഗിക്കാൻ കഴിയില്ലെന്നതാണു പുതിയ നിയന്ത്രണം.

നേരത്തേ അതിനുള്ള സൗകര്യമുണ്ടായിരുന്നു. ശൗചാലയത്തിൽ പോകേണ്ടിവന്നാൽ പുറത്തേക്കുവന്ന് അവിടെ പൊതുവേയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിനു പ്രത്യേകം കാശുകൊടുക്കണമെന്നു മാത്രമല്ല വീണ്ടും അകത്തു കടക്കണമെങ്കിൽ ഒരിക്കൽ കൂടി 75 രൂപ നൽകി പ്രവേശന പാസ് എടുക്കണം.

മൂന്ന് മണിക്കൂർ വിമാനത്താവളത്തിൽ തങ്ങാനുള്ള പാസ് എടുത്ത് അകത്തുകയറിയവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിൽ സന്ദർശകർക്ക് ഇത്തരം സൗകര്യങ്ങൾ നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ല.

മംഗളൂരു വിമാനത്താവളത്തിൽ യാത്രയാക്കാനും സ്വീകരിക്കാനുമെത്തുന്നവർക്ക് നേരത്തേ ഉണ്ടായിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‍ലം കേന്ദ്ര വ്യോമയാന മന്ത്രിക്കും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. 

ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീൽ, കാസർകോട് എംപി പി.കരുണാകരൻ എന്നിവരോടു വിഷയത്തിൽ ഇടപെടാനും അഭ്യർഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.