മുംബൈ: എംആര്‍ഐ (മാഗ്നറ്റിക് റെസണൻസ് ഇമേജിംഗ്) സ്കാനിംഗിന് ബന്ധുവിനൊപ്പമെത്തിയ യുവാവിന് ദാരുണാന്ത്യം. മുംബൈ ലാൽബാഗ് സ്വദേശി രാജേഷ് മാരുതി മാരുവാണ് (32) മരിച്ചത്. ശനിയാഴ്ച വൈകട്ട് 8.30 ന് മുംബൈയിലെ നായർ ചാരിറ്റബിൾ സൊസൈറ്റി ആശുപത്രിയിലായിരുന്നു സംഭവം.[www.malabarflash.com]
സഹോദരിയുടെ ഭർതൃമാതാവ് ലക്ഷ്മി ബായിക്കൊപ്പം സ്കാനിംഗിന് എത്തിയതായിരുന്നു രാജേഷ്. പരിശോധനയ്ക്കായി ഓക്സിജൻ സിലണ്ടറും വഹിച്ചായിരുന്നു രാജേഷ് എത്തിയത്. എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനടുത്തേക്ക് എത്തിയപ്പോൾ ഓക്സിജൻ സിലണ്ടർ അടക്കം രാജേഷിനെ ഉള്ളിലേക്ക് യന്ത്രം വലിച്ചെടുക്കുകയായിരുന്നു. യന്ത്രത്തിന്റെ കാന്തിക പ്രഭാവംമൂലമായിരുന്നു ഇത്.
യന്ത്രത്തിനുള്ളിൽ സിലണ്ടറിന് ഇടയിലായി രാജേഷ് കുടുങ്ങി. യന്ത്രത്തിനുള്ളിൽവച്ച് സിലണ്ടറിന്റെ അടപ്പ് ഊരിപ്പോകുകയും ചെയ്തു. ഇതിലൂടെ പുറത്തുവന്ന വാതകം ശ്വസിച്ചതാണ് മരണകാരണമായത്. യന്ത്രത്തിനുള്ളിൽ കുടുങ്ങി രണ്ടു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു. അപകടം നടക്കുമ്പോൾ തങ്ങളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് രാജേഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ലക്ഷ്മിയെ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജേഷിന്റെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ മൂന്നു പേർക്കെതിരെ അഗ്രിപഡ പോലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർ സൗരഭ്, വാർഡ് ബോയ്മാരായ വിത്തൽ ചവാൻ, അയ്യ സുനിത സുർവെ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
No comments:
Post a Comment