Latest News

യാത്രക്കിടെ വനിതാഡോക്ടര്‍ തീവണ്ടിയില്‍നിന്ന് വീണുമരിച്ചു

കണ്ണൂര്‍: യാത്രക്കിടെ വനിതാഡോക്ടര്‍ രാത്രി തീവണ്ടിയില്‍നിന്ന് വീണുമരിച്ചു. ഒപ്പം ഉറങ്ങിയ അമ്മ മരിച്ചതറിയാതെ മൂന്നുകുഞ്ഞുങ്ങള്‍ യാത്രതുടര്‍ന്നു.രാവിലെ അമ്മയെക്കാണാതെ നിലവിളിച്ച അവരെ കണ്ണൂരിലെ ബന്ധുക്കളെ ഏല്‍പ്പിച്ചത് സഹയാത്രികര്‍.[www.malabarflash.com]

പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്​പ്രസിലാണ് ദാരുണസംഭവം ഉണ്ടായത്. തൃശ്ശൂര്‍ കോലഴി പോട്ടോറിലാണ് ചൊവ്വാഴ്ച പകല്‍ റെയില്‍പ്പാളത്തില്‍ തുഷാരയുടെ മൃതദേഹം കണ്ടത്. 

കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്ന് രാത്രി ഒമ്പതരയോടെ ഭര്‍ത്താവ് ഡോ. അനൂപാണ് തീവണ്ടി കയറ്റിവിട്ടത്. റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. 

വൈകാതെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് അമ്മയെ കാണാനില്ലെന്ന വിവരം സ്‌കൂള്‍വിദ്യാര്‍ഥികളായ മക്കള്‍ കാളിദാസന്റെയും വൈദേഹിയുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഇളയകുട്ടി വൈഷ്ണവിയ്ക്ക് രണ്ടുവയസ്സേയുള്ളൂ. അമ്മയെ തിരഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ കുട്ടികള്‍ കരയാന്‍ തുടങ്ങി. സഹയാത്രികരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കുട്ടികളില്‍നിന്നും കണ്ണൂരിലെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം സഹയാത്രികരിലൊരാള്‍ ബന്ധപ്പെട്ടു. കുട്ടികളെ സഹായിക്കൊപ്പം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചു. 

ബന്ധുക്കള്‍ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് വിയ്യൂര്‍ പോലീസിന്റെ നിഗമനം.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരന്‍. കൂടല്‍ ശ്രീഭാരത് ആയുര്‍വേദ ഹോസ്​പിറ്റല്‍ ഉടമയാണ്. പത്തനാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കാളിദാസനും വൈദേഹിയും. കണ്ണൂര്‍ താവക്കര തുഷാരത്തില്‍ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ സൂപ്രണ്ട് വേലായുധന്റെയും സുമംഗലയുടെയും മകളാണ് ഡോ. തുഷാര.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.