Latest News

ബാങ്കിനെയും ഇടപാടുകാരെയും കബളിപ്പിച്ച് കളക്ഷന്‍ ഏജന്റ് ഒരുകോടിയോളം തട്ടിയെടുത്തു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വനിതാ സഹകരണസംഘത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ബാങ്കിന്റെ വനിതാ കളക്ഷന്‍ ഏജന്റ് ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ സഹകരണ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]

രണ്ടുരീതിയിലുള്ള തട്ടിപ്പാണ് നടത്തിയത്. ബാങ്കിന്റെ ഗ്രൂപ്പ് ഡൊപ്പോസിറ്റ് സ്‌കീമില്‍ ചേര്‍ത്തവരെത്തന്നെ ഉപയോഗിച്ച് സ്വന്തം വിഷമാവസ്ഥ ചൂണ്ടിക്കാട്ടി 76 ലക്ഷം വായ്പയായും സംഘത്തിന്റെ ഗ്രൂപ്പ് ഡെപ്പോസിറ്റ് പാസ് ബുക്ക് ഉപയോഗിച്ച് സ്വന്തം നിലയില്‍ ഇടപാടുകാരെ ചേര്‍ത്ത് സംഘത്തിലടക്കാതെ 18 ലക്ഷത്തോളം രൂപയും തട്ടിയെടുത്തതായാണ് പരാതി. ഈ രീതിയില്‍ സ്‌കീമില്‍ ചേര്‍ന്നവര്‍ തുക പിന്‍വലിക്കാനായി എത്തിയപ്പോഴാണ് സംഘം അധികൃതര്‍ക്ക് തട്ടിപ്പ് ബോധ്യമായത്.

2016 ഓഗസ്റ്റിലാണ് ഈ വെട്ടിപ്പ് പുറത്തായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗ്രൂപ്പ്‌ െഡൊപ്പോസിറ്റില്‍നിന്ന് ഇടപാടുകാരെ വഞ്ചിച്ച് ലക്ഷങ്ങള്‍ വെട്ടിച്ചതിന്റെ കണക്കും പുറത്തായത്.

തട്ടിപ്പ് കണ്ടെത്തിയതോടെ ബാങ്ക് ഭരണസമതി സഹകരണ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ഷന്‍ ഏജന്റിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും തട്ടിപ്പ് നടത്തിയത് സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കളക്ഷന്‍ ഏജന്റിനെ രണ്ടുമാസം മുന്‍പ് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു.

എന്നാല്‍ ബാങ്കിന്റെ ഗ്രൂപ്പ്‌ െഡൊപ്പോസിറ്റ് സ്‌കീമില്‍ ചേര്‍ന്ന് കളക്ഷന്‍ ഏജന്റിന്റെ പ്രലോഭനത്തില്‍ കുടുങ്ങി വായ്പയെടുത്ത 86-ഓളം പേര്‍ക്ക് നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ രൂക്ഷത ശരിക്കും വ്യക്തമായത്. വായ്പ തിരിച്ചെടുക്കാന്‍ ബാങ്ക് അധികൃതര്‍ സഹകരണ ആര്‍ബിട്രേഷനെ സമീപിച്ചതോടെ സഹകരണ വകുപ്പും ഇടപാടുകാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതോടെ അത്തരം ആളുകള്‍ സഹകരണ വകുപ്പിനും പരാതി നല്‍കി.

പ്രശ്‌നം രൂക്ഷമായതോടെ തിങ്കളാഴ്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇടപാടുകാരില്‍നിന്ന് തെളിവെടുത്തു. തട്ടിപ്പ് നടത്തിയ കളക്ഷന്‍ ഏജന്റും എത്തിയെങ്കിലും വ്യക്തമായ മറുപടി പറയാന്‍ കൂട്ടാക്കിയില്ല. ഇതോടെ ബാങ്കിന് മുന്നില്‍ തടിച്ചുകൂടിയ ഇടപാടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തിയാണ് ഇടപാടുകാരെ ശാന്തരാക്കിയത്. 

വരുംദിവസങ്ങളിലും സഹകരണ വകുപ്പ് ഉദ്യേഗസ്ഥര്‍ കൂടുതല്‍ തെളിവെടുപ്പിനെത്തും. കേരളത്തിലെതന്നെ ആദ്യത്തെ വനിതാ സഹകരണസംഘമാണ് പാപ്പിനിശ്ശേരിയിലേത്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ച സംഘമാണിത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.