കാസര്‍കോട്: പ്രമുഖ പണ്ഡിതനും നൂറോളം മഹല്ലുകളുടെ ഖാസിയും സമസ്തയുടെ ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നടക്കുന്ന ജനകീയ സമരങ്ങളെ ഇല്ലാതാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം നടക്കുന്നു.[www.malabarflash.com]
മുമ്പ് ജനകീയ ആക്ഷന്‍ കമ്മിററിയും കുടുംബാങ്ങളും കാസര്‍കോട്ടെ ഒപ്പ് മരച്ചുവട്ടില്‍ നടത്തിയ അനിശ്ചിത കാല സമരം നിര്‍ത്തിവെക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാവ് ഇടപെട്ടതായി സമര സമിതി തന്നെ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
അതിനിടെ കാസര്‍കോട് കലക്‌ട്രേററിലേക്ക് തിങ്കളാഴ്ച നടന്ന ബഹുജന മാര്‍ച്ച് ഒഴിവാക്കാനായി സമര സമിതിയുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്ന വിവരവും പുറത്ത് വന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, സമരവുമായി മുന്നോട്ട് പോയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞാണ് സമര സമിതിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ നേതാവിനെ വിളിച്ച് പറഞ്ഞതായാണ് വിവരം.
കൂടാതെ സി.എം അബ്ദുല്ല മൗലവി സ്ഥാപിച്ച ജില്ലയിലെ പ്രമുഖ വിഞ്ജാന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളെ കലക്‌ട്രേററ് മാര്‍ച്ചില്‍ നിന്നും മാററി നിര്‍ത്താന്‍ ശക്തമായ ശ്രമങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ തങ്ങളുടെ എല്ലാമെല്ലാമായ സി.എം ഉസ്താദിന്റെ ഘാതകരെ പിടികൂടുന്നത് വരെ ആരെന്ത് പറഞ്ഞാലും സമര രംഗത്ത് നിന്നും മാറി നില്‍ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കലക്‌ട്രേററ് മാര്‍ച്ചില്‍ അണിനിരന്നത്.
സമസ്തയുടെ ജില്ലയിലെ ഉന്നതനേതാവിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്നും മാററി നിര്‍ത്താനുളള ശ്രമങ്ങളുണ്ടായത്. ആക്ഷന്‍ കമ്മിററി ഈ നേതാവിനെ ബന്ധപ്പെട്ട് മാര്‍ച്ചുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല.
ജില്ലയിലെ ഒട്ടുമിക്ക പണ്ഡിതന്‍മാരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, ബഹുജനങ്ങളും, കലക്‌ട്രേററ് മാര്‍ച്ചിന് എത്തിയെങ്കിലും ഈ നേതാവിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഇയാള്‍ക്കെതിരെ മാര്‍ച്ചിനിടയില്‍ ഒററപ്പെട്ട മുദ്രാവക്യം ഉയര്‍ന്നെങ്കിലും ചിലര്‍ ഇടപെട്ട് തടയുകയായിരുന്നു.
അതേ സമയം ഉന്നത തലങ്ങളില്‍ സമര പരിപാടികളെ ഇല്ലാതാക്കാനും ശ്രമങ്ങള്‍ നടക്കുമ്പോഴും അതൊന്നും മുഖവിലക്കെടുക്കാതെ മുഴുവന്‍ ബഹുജനങ്ങളെയും സമര മുഖത്ത് എത്തിക്കാനുളള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ജനകീയ ആക്ഷന്‍ കമ്മിററി മുന്നോട്ട് പോവുകയാണ്. കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ അടക്കമുളള സമര മുറകളെ കുറിച്ചുളള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment