Latest News

രോഗിയായ അമ്മയെ ടെറസിൽനിന്ന് തള്ളിയിട്ടുകൊന്ന അസി. പ്രഫസർ അറസ്റ്റിൽ

ഗുജറാത്ത്: രോഗിയായ അമ്മയെ വീടിന്റെ ടെറസിൽനിന്നു തള്ളിയിട്ടുകൊന്ന കോളജ് അധ്യാപകൻ അറസ്റ്റിൽ. രാജ്കോട്ടിൽ ഫാർമസി കോളജിൽ അസി. പ്രഫസറായ സന്ദിപ് നത്‍വാനിയാണ് കൊല നടത്തി മൂന്നു മാസത്തിനുശേഷം പിടിയിലായത്. [www.malabarflash.com]

അമ്മയെ ടെറസിൽനിന്ന് തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് മുപ്പത്തിയാറുകാരനായ സന്ദിപിനെ കുടുക്കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്കോട്ടിലെ വീടിന്റെ ടെറസിൽനിന്നും സന്ദിപ് അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയത്. അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. ടെറസിൽ നിൽക്കുമ്പോൾ അമ്മ തലകറങ്ങി താഴേക്കു വീണെന്നാണു സന്ദിപ് ആദ്യം പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.

ദീർഘകാലമായി രോഗിയായിരുന്ന അമ്മ ‘ബാധ്യത’യായി തോന്നിയതിനാലാണ് ഇയാൾ കടുംകൈയ്ക്ക് മുതിർന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവിയിൽ സന്ദിപ് അമ്മയെ ടെറസിലേക്ക് വലിച്ചുകൊണ്ടുവരുന്ന ദൃശ്യം പതിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

പലവിധ അസുഖങ്ങളുണ്ടായിരുന്ന അമ്മയുടെ സംരക്ഷണം ബാധ്യതയായെന്നും ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി തള്ളിയിട്ടതാണെന്നും ഇയാൾ പോലീസിനോടു സമ്മതിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.