Latest News

ശിശുസംരക്ഷണ ബോധവല്‍ക്കരണക്ലാസ് ബാര്‍ ഹോട്ടലില്‍; പ്രതിഷേധവുമായി അനാഥശാല പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വനിതാ ശിശുസംരക്ഷണ വികസന വകുപ്പ് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനമേധാവികള്‍ക്കും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും വേണ്ടി ബാര്‍ ഹോട്ടലില്‍ പഠന ക്ലാസ് സംഘടിപ്പിച്ചത് വിവാദമായി.[www.malabarflash.com]

കുട്ടികളുമായി ബന്ധപ്പെട്ട സകലപ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉറപ്പ് വരുത്തുന്ന ബോധവല്‍ക്കരണ ക്ലാസ് ബാര്‍ ഹോട്ടലില്‍ നടത്തിയതിനെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്നു.
ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് ചൊവ്വാഴ്ച രാവിലെ അലാമിപ്പള്ളിയിലെ നക്ഷത്രഹോട്ടലിലാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ജില്ലയില്‍ സര്‍ക്കാറേതിര സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ അനാഥശാലകളും ഹോസ്റ്റലുകളും അടക്കമുള്ള സ്ഥാപന മേധാവികള്‍ക്കും കുട്ടികളുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കുമാണ് ഏകദിന അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചത്.
എന്നാല്‍ കുട്ടികളുടെ സംരക്ഷണ ക്ലാസ് ബാര്‍ ഹോട്ടലില്‍ നടത്തിയതിനെതിരെ ശില്പശാലയ്‌ക്കെത്തിയ ഓര്‍ഫനേജ് പ്രതിനിധികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. 

ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ സെക്രട്ടറി എസ് എ ഹമീദ് മൗലവി , വൈസ് പ്രസിഡണ്ട് എ ഹമീദാജി, ട്രഷറര്‍ പി വി ഹസൈനാര്‍, കാഞ്ഞങ്ങാട് മുസ്‌ലീം ഓര്‍ഫനേജ് ഐ ടി സി പ്രസിഡണ്ട് പാലക്കി സി കുഞ്ഞബ്ദുള്ള ഹാജി , സെക്രട്ടറി ബി എം മുഹമ്മദ് കുഞ്ഞി,പ്രവര്‍ത്തകസമിതയംഗം ടി മുഹമ്മദ് അസ്‌ലം എന്നിവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കാഞ്ഞങ്ങാട്, തളങ്കര, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ഓര്‍ഫനേജ് പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. 

ഇതോടെ രാവിലെ 10 ന് ആരംഭിക്കേണ്ടിയിരുന്ന ശില്പശാല അനിശ്ചിതത്വത്തിലായി.തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഓര്‍ഫനേജ് പ്രതിനിധികള്‍ക്കു മാത്രമായി മറ്റൊരിടത്ത്ശില്പശാല സംഘടിപ്പിക്കാമെന്ന ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.
അവശേഷിക്കുന്ന അമ്പതില്‍ താഴെപേര്‍ക്ക് മുന്‍ നിശ്ചയ പ്രകാരം ശില്പശാല ആരംഭിക്കുകയും ചെയ്തു.
കുട്ടികളെ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ ഏറെ സൗകര്യമുള്ള ഓര്‍ഫനേജുകളും സര്‍ക്കാരിന്റെ കീഴില്‍ തന്നെ ഒട്ടേറെ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ടൗണ്‍ ഹാളുകളടക്കം ഒഴിഞ്ഞു കിടക്കുമ്പോഴാണ് സര്‍ക്കാര്‍ പരിപാടി നക്ഷത്ര ഹോട്ടലുകളില്‍ സംഘടിപ്പിച്ച് സംഘാടകര്‍ ശിശുസംരക്ഷണ പ്രവര്‍ത്തകരെ നടുക്കി കളഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.