Latest News

പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്ന് 11 പേർക്ക് പരുക്ക്

കൊല്ലം: പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്തു നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നുവീണു 11 തൊഴിലാളികൾക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം. പരവൂർ പുത്തൻകുളം നെടുവള്ളിച്ചാലിൽ സുരേഷ് (48), കൂനംകുളം അമ്പലത്തിനു സമീപം കുട്ടപ്പൻ (55), കലയ്ക്കോട് കാഞ്ഞിരവിളയിൽ ഭദ്രൻ (58) എന്നിവർക്കാണു ഗുരുതര പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]


പരുക്കേറ്റ കലയ്ക്കോട് കാർത്തിക ഭവൻ ഗണേശൻ (49), പൂതക്കുളം ഇടയാടി ജിജി സദനത്തിൽ ബാബുരാജൻ പിള്ള (61) എന്നിവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഊന്നിൻമൂട് കടയിൽ വീട്ടിൽ സജീവ് (39), പുത്തൻകുളം രാജു വിലാസത്തിൽ രാജു (52), പൂതക്കുളം മുരുകാലയത്തിൽ രാജു (55), ചാത്തന്നൂരിൽ താമസിക്കുന്ന അസം സ്വദേശി വികാസ് (18), ചിറക്കരത്താഴം കുഴുപ്പിൽ സുനീർ (35) എന്നിവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കലയ്ക്കോട് സ്വദേശി ബിന്ദുവിനെ (35) പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.

തിങ്കളാഴ്ച വൈകിട്ടു 3.05നു സ്റ്റേജിന്റെ കോൺക്രീറ്റിങ് അവസാന ഘട്ടത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. 23 തൊഴിലാളികളാണ് ഈ സമയം പണി സ്ഥലത്തുണ്ടായിരുന്നത്. വാർക്കാനായി നിർമിച്ച തട്ടു തകർന്നു തൊഴിലാളികൾ താഴേയ്ക്കു വീഴുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ചിലർ ബീമുകൾക്കിടയിൽപ്പെട്ടു. മേൽത്തട്ടു വർക്കാനായി നിർമിച്ച ബീമുകൾ എല്ലാം നിലംപൊത്തി.

ക്ഷേത്രത്തിനു സമീപത്തുള്ള പരവൂർ പൊലീസ് സ്റ്റേഷനിൽ നിന്നു പോലീസുകാരെത്തിയാണു രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരുക്കേറ്റവരെയെല്ലാം വേഗം നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്കു കൊണ്ടുപോയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു സ്റ്റേജിന്റെ ബാക്കി ഭാഗം കൂടി പൊളിച്ചു നീക്കി.

 അന്വേഷണം ആരംഭിച്ചെന്നു സിറ്റി പോലീസ് കമ്മിഷണർ എ.ശ്രീനിവാസ് പറഞ്ഞു. നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരേ അടിത്തറയിൽ രണ്ടു സ്റ്റേജുകളാണ് ഉത്സവകാലത്ത് താൽക്കാലികമായി നിർമിച്ചിരുന്നത്. ഈ വർഷം സ്ഥിരം സ്റ്റേജ് നിർമിക്കുകയായിരുന്നു.

വെടിക്കെട്ട് അപകടമുണ്ടായി രണ്ടു വർഷമാകുമ്പോഴാണ് അടുത്ത അപകടം. 2016 ഏപ്രിൽ പത്തിനായിരുന്നു 111 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. അപകടസ്ഥലത്തിനു 100 മീറ്റർ അകലെയാണ് സ്റ്റേജ് തകർന്നുവീണത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.