കാഞ്ഞങ്ങാട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടു. ആറങ്ങാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനും പച്ചപ്പട ടീം ക്യാപ്റ്റനുമായ പി വി ഹസി(28)യെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.[www.malabarflash.com]
സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി കെ ഫിറോസ് ഞായാറാഴ്ച ആറങ്ങാടി മുസ്‌ലിംലീഗ് ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ തേടി. ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഹസിയെ ഫിറോസും മറ്റു നേതാക്കളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഹസിയെ ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തിരുന്നു.
തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആറങ്ങാടിയിലെ കല്യാണ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന തന്നെ പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഹസി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.
ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍, അഡീ. സബ് ഇന്‍സ്‌പെക്ടര്‍, കണ്ടാലറിയാവുന്ന മൂന്ന് പോലീസുകാര്‍ എന്നിവര്‍ക്കെതിരെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹസിയുടെ പരാതിയില്‍ വാദം കേള്‍ക്കാന്‍ ജനുവരി എട്ടിലേക്ക് കേസ് മാറ്റുകയും ചെയ്തു.
ഇതിനിടെ ഹസിക്കെതിരെയുള്ള കേസില്‍ എഫ്‌ഐആര്‍ പകര്‍പ്പു തേടി പോലീസ് സ്റ്റേഷനില്‍ എത്തിയ മാതാവ് ആറങ്ങാടി പി വി ഹൗസില്‍ ഇബ്രാഹിമിന്റെ ഭാര്യ അഫ്‌സത്ത് അടക്കമുള്ള സ്ത്രീകളെ ഹൊസ്ദുര്‍ഗ് എസ്‌ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതി ഉയര്‍ന്നു. ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നയത്തിനെതിരെ കോടതിയെയും മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള അധികൃതരെയും സമീപിക്കുമെന്ന് ആറങ്ങാടി ലീഗ് ഹൗസില്‍ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് പി കെ ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹസിക്കെതിരെ ചുമത്തിയ കള്ളക്കേസും പീഡനവും സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ ധരിപ്പിക്കാനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയെ സമീപിക്കാനും സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അഡ്വ. സി ഷുക്കൂര്‍, ലീഗ് നേതാക്കളായ കെ മുഹമ്മദ്കുഞ്ഞി, എം പി ജാഫര്‍,അഡ്വ. എന്‍ എ ഖാലിദ്, എം ഇബ്രാഹിം, ടി റംസാന്‍, കെ കെ ഇസ്മായില്‍, കെ കെ ജാഫര്‍, യൂത്ത്‌ലീഗ് നേതാക്കളായ ടി ഡി കബീര്‍, ഷംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദ്‌റുദ്ദീന്‍, സന മാണിക്കോത്ത് എന്നിവര്‍ പി കെ ഫിറോസിനോടൊപ്പം ഉണ്ടായിരുന്നു.
യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി 3ന് വൈകിട്ട് 4ന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment