Latest News

റഷ്യൻ യാത്രാവിമാനം തകർന്ന് 71 മരണം

മോസ്കോ: റഷ്യൻ യാത്രാവിമാനം മോസ്കോയ്ക്കു സമീപം തകർന്നുവീണ് 65 യാത്രക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 71 പേരും കൊല്ലപ്പെട്ടു.[www.malabarflash.com]

സറാറ്റോവ് എയർലൈൻസിന്റെ റഷ്യൻ നിർമിത അന്റോനോവ് എഎൻ 148 വിമാനമാണു മോസ്കോയിലെ ഡോമോഡിഡോവോ വിമാനത്താവളത്തിൽനിന്നു കസഖ്സ്ഥാൻ അതിർത്തി നഗരമായ ഓർസ്കിലേക്കുള്ള യാത്രയ്ക്കിടെ തകർന്നുവീണത്. 

വിമാനം പറന്നുയർന്ന് അധികം വൈകാതെ വ്യോമഗതാഗത കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആകാശത്തുനിന്നു തീഗോളമായി വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

അപകടകാരണം പൈലറ്റിന്റെ പിഴവോ മ‍ഞ്ഞുവീഴ്ചയെ തുടർന്നുള്ള പ്രശ്നങ്ങളോ ആകാമെന്നാണു നിഗമനം. മഞ്ഞുപാളികൾക്കിടയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും അവിടേക്കു റോഡ് മാർഗം എത്താൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി.

2016 ഡിസംബറിൽ സോചിയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് റെഡ് ആർമി ക്വയർ സംഘാംഗങ്ങൾ ഉൾപ്പെടെ 92 പേർ കൊല്ലപ്പെട്ടിരുന്നു. 2016 മാർച്ചിൽ റോസ്തോവ് ഒൻ ഡോൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ കാലാവസ്ഥാ പ്രശ്നംമൂലം ഫ്ലൈ ദുബായ് ജെറ്റ് വിമാനം തകർന്ന് 62 യാത്രക്കാരും കൊല്ലപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.