Latest News

യുഎഇ ജോലി: പോലീസ് സർട്ടിഫിക്കറ്റിന്റെ ഫീസ് 500 രൂപയായി കുറച്ചു

തിരുവനന്തപുരം: യുഎഇയിൽ ജോലിക്കു പോകുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് 500 രൂപയാക്കി. നേരത്തേ 1000 രൂപയായിരുന്നു.[www.malabarflash.com]

താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലാണു സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. സർട്ടിഫിക്കറ്റ് നൽകാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷയോടൊപ്പം മേൽവിലാസവും ജനന തീയതിയും തെളിയിക്കുന്നതിനു റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർ‍ഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നു ഹാജരാക്കണം.

സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നു തെളിയിക്കുന്ന രേഖ, പാസ്പോർട്ടിന്റെ പകർപ്പു ലഭ്യമാണെങ്കിൽ അത്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും നൽകണം. അപേക്ഷാഫീസായ 500 രൂപ സ്റ്റേഷനിൽ സ്വീകരിക്കും. അപേക്ഷയും ഫീസും സ്വീകരിക്കുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ രസീതു നൽകണം. പരിശോധനകൾക്കുശേഷം മൂന്നു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

സർട്ടിഫിക്കറ്റിനുള്ള പ്രഫോമ പോലീസിന്റെ വെബ്സൈറ്റിൽ ലഭിക്കും. അച്ചടിച്ച പ്രഫോമ ലഭിക്കുന്നതുവരെ എ4 സൈസ് ബോണ്ട് പേപ്പറിൽ സർട്ടിഫിക്കറ്റ് നൽകണം. മറ്റു രാജ്യങ്ങളിൽ ജോലി തേടുന്നവർക്കു നിലവിലുള്ള നടപടിക്രമം തുടരുമെങ്കിലും ഫീസ് 500 രൂപയായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.