Latest News

ജാനകി വധം:ശിഷ്യനടക്കം 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചീമേനി, പുലിയന്നൂര്‍ ഗവ.യു പി സ്‌കൂളിനു സമീപത്തെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയും ഭര്‍ത്താവ് റിട്ട. പ്രധാന അധ്യാപകന്‍ കൃഷ്ണനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തശേഷം 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അര ലക്ഷത്തില്‍പരം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ ശിഷ്യനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് ഗള്‍ഫിലേയ്ക്ക് മുങ്ങി. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊല്ലപ്പെട്ട ജാനകിയുടെ വീട്ടില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന റിനീഷ്(20), വിശാഖ്(27) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പുലിയന്നൂരിലെ അരുണ്‍(26) ആണ് ഗള്‍ഫിലേക്കു മുങ്ങിയത്. 

വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ എ ഡി ജി പി രാജേഷ് ദിവാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പത്രസമ്മേളനത്തില്‍ ഐ ജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡിവൈ എസ് പി കെ ദാമോദരന്‍, സി ഐ മാരായ അബ്ദുല്‍ റഹീം, സി കെ സുനില്‍ കുമാര്‍ ഉണ്ണികൃഷ്ണന്‍, ചീമേനി എസ് ഐ രാജഗോപാല്‍, എ എസ് ഐ സുരേന്ദ്രന്‍, പോലീസ് ചീഫിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവരും ഉണ്ടായിരുന്നു. 

ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രിയിലാണ് ജാനകി ടീച്ചര്‍ കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടിലെത്തിയ പ്രതികള്‍ കോളിംഗ് ബെല്ലടിച്ച് വാതില്‍ തുറപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍വരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രദേശവാസികളായ കൊലയാളികളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.