Latest News

ഉറ്റവരും സമൂഹവും തള്ളി അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ക്ഷേത്ര പുന: പ്രതിഷ്ഠ ബ്രഹ്മകലശോത്സവ സംഘാടകര്‍ മാതൃകയാവുന്നു

നീലേശ്വരം: ഉറ്റവരും സമൂഹവും തള്ളി അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ക്ഷേത്ര പുന: പ്രതിഷ്ഠ ബ്രഹ്മകലശോത്സവ സംഘാടകര്‍ മനുഷ്യസ്‌നേഹത്തിന്റെ പുതിയ മാതൃകയാവുകയാണ്.[www.malabarflash.com] 

നീലേശ്വരം പാലക്കാട്ട് ചീര്‍മ്മക്കാവ് കുറുംബഭഗവതി ക്ഷേത്ര ആഘോഷകമ്മറ്റിയാണ് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചത്. ലക്ഷങ്ങള്‍ മുടക്കി ആരാധനാലയങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടി യാചിക്കുന്നവരെ മറക്കുന്നവര്‍ക്ക് ക്ഷേത്ര കമ്മറ്റി വഴികാട്ടുകയാണ്.
നീലേശ്വരം പള്ളിക്കരയിലെ സാകേതം വൃദ്ധസാധാനാ കേന്ദ്രം, സെന്റ് ജോണ്‍സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മോനാച്ച, ന്യൂ മലബാര്‍ പുനരിധിവാസ കേന്ദ്രം മലപ്പച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉത്സവദിവസങ്ങളില്‍ അന്നദാനം നടത്തുന്നത്. 

ഒന്നാം ദിവസം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരിധിവാസ കേന്ദ്രത്തില്‍ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 ജനറല്‍ കണ്‍വീനര്‍ കെ.വി.രാജീവന്‍, ജോ.കണ്‍വീനര്‍ കെ.ഗിരീഷ് കുമാര്‍, കണ്‍വീനര്‍ കെ.ദിനേശ് കുമാര്‍ കുണ്ടേന്‍വയല്‍, മീഡിയ കമ്മറ്റി ചെയര്‍മാന്‍ വൈ.കൃഷ്ണദാസ്, സ്വീകരണ കമ്മറ്റി വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കെ.വി.സുനില്‍ രാജ്, കെ.ശശിധരന്‍ റിട്ട.ക്യാപ്റ്റന്‍ എന്നിവര്‍ സംബന്ധിച്ചു.

ന്യൂ മലബാര്‍ പുനരിധിവാസ കേന്ദ്രം നടത്തുന്ന എം.എം.ചാക്കോ സ്വാഗതം പറഞ്ഞു. ഉത്സവം സമാപിക്കുന്ന 25 വരെയാണ് ഭക്ഷണം നല്‍കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.