Latest News

ചിണ്ടന്റെ മരണം: അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

നീലേശ്വരം: കരിന്തളം കരിമ്പില്‍ എസ്റ്റേറ്റിലെ മേസ്തിരിയും കാലിച്ചാമരം പള്ളപ്പാറ സ്വദേശിയുമായ പയങ്ങപ്പാടന്‍ ചിണ്ടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഇതേ എസ്റ്റേറ്റിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ താലൂക്കില്‍ ചേരമ്പാടിയില്‍ പാര്‍ത്ഥിപന്‍ എന്ന എ ആര്‍ രമേശിനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. 

കെപിസിസി അംഗം അഡ്വ. കെ കെ നാരായണന്റെ എസ്റ്റേറ്റിലെ മേസ്തിരിയായിരുന്നു കൊല്ലപ്പെട്ട ചിണ്ടന്‍. കയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന ചിണ്ടന്‍ കഴിഞ്ഞ 40 വര്‍ഷമായി കരിമ്പില്‍ എസ്റ്റേറ്റിലെ ജീവനക്കാരനാണ്.
എല്ലാ ശനിയാഴ്ചയിലും തൊഴിലാളികളുടെ കൂലി നല്‍കിയിരുന്നത് ചിണ്ടനായിരുന്നു. ശനിയാഴ്ച കെ കെ നാരായണന്റെ ഭാര്യ സുശീല ടീച്ചറില്‍ നിന്നും 47,208 രൂപ വാങ്ങിയ ശേഷം ഇവ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിരുന്നു. പതിവു സമയത്തും ചിണ്ടനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. പതിവായി വരുന്ന വഴിയില്‍ ചൂരപ്പടവ് കാവിനടുത്തുണ്ടെന്നായിരുന്നു അന്നേരത്തെ മറുപടി. നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതായതോടെ ഭാര്യ അമ്മാറുകുഞ്ഞി, മരുമകള്‍ ശോഭന, ശോഭനയുടെ മകന്‍ നന്ദു എന്നിവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇതേ സ്ഥലത്തിനു സമീപം ഗുരുതരമായി പരുക്കേറ്റു കിടക്കുന്ന ചിണ്ടനെ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ ചിണ്ടനെ തേജസ്വിനി സഹകരണ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവം നടക്കുമ്പോള്‍ കെ കെ നാരായണന്‍ ഔദ്യോഗികമായ ടൂറിലായിരുന്നു. വിവരമറിഞ്ഞയുടന്‍ ജയ്പൂരില്‍ നിന്നും അദ്ദേഹം മംഗലാപുരത്തെ ആശുപത്രിയിലേക്കെത്തി. ചിണ്ടന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പെരിയങ്ങാനത്ത് പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.