Latest News

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പോലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായി മാറുകയായിരുന്നു. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.[www.malabarflash.com]

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം നടത്തുന്ന കെ.സുധാകരനും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഡീൻ കുര്യാക്കോസ്, സി.ആർ.മഹേഷ് എന്നിവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. 

സെക്രട്ടറിയേറ്റിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപന്തലിന് മുന്നിൽ നിന്നും തുടങ്ങിയ മാർച്ച് നോർത്ത് ഗേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രവർത്തകർ പോലീസിനെതിരേ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു. രൂക്ഷമായ ആക്രമണം ഉണ്ടായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ശക്തമായി പ്രയോഗിച്ചു. നിരവധി കണ്ണീർവാതക ഷെല്ലുകൾ പോലീസ് പ്രവർത്തകർക്കെതിരേ വലിച്ചെറിഞ്ഞു. ഒരുവശത്ത് യൂത്ത് കോണ്‍ഗ്രസുകാരും മറുവശത്ത് പോലീസും അണിനിരന്നതോടെ തലസ്ഥാനത്തെ തെരുവുകൾ യുദ്ധസമാനമായി മാറി.

ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചതിന് പിന്നാലെ പോലീസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലേക്കും പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് നേതാക്കൾ പോലീസിന് നേരെ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് പോലീസിനെ പിന്തിരിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.