Latest News

നമ്പര്‍ പ്ലേറ്റ് ലേലതുകയ്ക്ക് പകരം വണ്ടിച്ചെക്ക് നല്‍കിയ വ്യവസായി ജയിലില്‍

അബുദാബി: ലേലത്തിൽ അബുദാബി നമ്പർ 1 എന്ന ഫാൻസി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ ബിസിനസുകാരൻ നൽകിയത് 31 മില്യൺ ദിർഹ (ഏതാണ്ട് 543538467 രൂപ)ത്തിന്റെ വണ്ടിച്ചെക്ക്. അപ്പീൽ കോടതിയിൽ എത്തിയ കേസിൽ അബ്ദുല്ല അൽ മഹിരിയെന്ന വ്യക്തിക്ക് മൂന്നു വർഷം ജയിൽ ശിക്ഷ വിധിച്ചു.[www.malabarflash.com]

മുപ്പത്തിമൂന്നുകാരനായ സ്വദേശി ബിസിനസുകാരൻ 2016 നവംബറിൽ അബുദാബി സർക്കാരിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് 31 മില്യൺ ദിർഹത്തിന് ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കിയത്. ഇദ്ദേഹം നൽകിയ ചെക്ക് മടങ്ങിയതോടെയാണ് സംഘാടകർ മഹിരിയ്ക്കെതിരെ പരാതി നൽകിയത്.

തട്ടിപ്പ്, വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സ്വദേശി വ്യവസായിക്കെതിരെയുള്ളത്. അക്കൗണ്ടിൽ കൃത്യമായ പണമില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ബോധപൂർവമാണ് വണ്ടിച്ചെക്ക് നൽകിയതെന്നും പ്രതി സമ്മതിച്ചതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ പണത്തിനായി നമ്പർ പ്ലേറ്റ് മറിച്ചു വിൽക്കാനായിരുന്നു പദ്ധതി. ഇതിൽ നിന്നും ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കുകയും ബാക്കിയുള്ള സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാമെന്നും ആയിരുന്നു തീരുമാനം.

എന്നാൽ, ലേലത്തിൽ ജയിച്ച വ്യക്തി മുഴുവൻ പണവും അടച്ചു കഴിഞ്ഞാൽ മാത്രമേ നമ്പർ പ്ലേറ്റ് മറിച്ചുവിൽക്കാൻ സാധിക്കൂ. അല്ലാതെ നടക്കുന്ന എല്ലാ ഇടപാടുകളും നിയമവിരുദ്ധമാണ്. ഇതോടെ, മഹിരിയുടെ പദ്ധതി പൊളിഞ്ഞു.

അബുദാബി കോടതി നേരത്തെ തന്നെ ഇയാളെ മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.

2016 നവംബർ 19ന് അബുദാബി പോലീസിന്റെ സഹകരണത്തോടെയാണ് ലേലം നടന്നത്. ഒരു മില്യൺ ദിർഹം മുതൽ ആരംഭിച്ച ലേലത്തിൽ നിരവധി വമ്പൻമാരെ പിന്നിലാക്കിയാണ് സ്വദേശി വ്യവസായി വൻവിലയ്ക്ക് നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.

യുഎഇയെ ലോകത്ത് ഒന്നാമതെത്തിക്കാൻ പ്രവർത്തിക്കുന്ന രാജ്യത്തെ ഭരണാധികാരികൾക്ക് സമർപ്പിക്കുന്നുവെന്നാണ് ലേലത്തിനുശേഷം മഹിരി പറഞ്ഞത്. ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ എത്രപണം വേണമെങ്കിലും നൽകാൻ തയാറായിരുന്നുവെന്നും അബ്ദുല്ല അൽ മഹിരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.