Latest News

ജാനകി വധം: കൊലക്കത്തി കണ്ടെത്തി, സ്വര്‍ണം മംഗലാപുരത്തു നിന്നും കണ്ടെടുത്തു

ചീമേനി: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കത്തി അന്വേഷണ സംഘം പുലിയന്നൂര്‍ പുഴയില്‍ നിന്നും കണ്ടെത്തി.[www.malabarflash.com]
നീന്തല്‍ താരവും നീലേശ്വരം തീരദേശ പോലീസ് സേനയില്‍ അംഗവുമായ എന്‍ ടി പി സെയ്ഫുദ്ദീന്‍, നീന്തല്‍ വിദഗ്ധനായ ചന്ദ്രന്‍ മാസ്റ്ററുമാണ് പുഴയില്‍ നിന്നും കത്തി കണ്ടെടുത്തത്.
കൃത്യം നടത്തിയതിന് ശേഷം ആയുധങ്ങള്‍ പുഴയിലെറിഞ്ഞുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചൊവ്വാള്ച ഉച്ചയോടെ പുഴയില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് കൊലക്കത്തി കണ്ടെത്തിയത്.
ഇതിനിടെ കൊലയാളി സംഘം കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ആറുപവന്‍ മംഗാലാപുരത്തെ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. ആറു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനും സംഘവും കണ്ടെടുത്തത്.
പ്രതികളായ വിശാഖും, റിനീഷുമാണ് കവര്‍ച്ച ചെയ്ത സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി മംഗലാപുരത്തെത്തിയാണ് സ്വര്‍ണം കണ്ടെടുത്തത്. നേരത്തെ റിമാന്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി തെളിവെടുപ്പിനായി ഏഴു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. 

അറുപതിനായിരം രൂപയും വീട്ടിലെ അലമാരയില്‍ നിന്നും ജാനകിയുടെ ദേഹത്തണിഞ്ഞതുമായ 15 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ജാനകിയെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതികള്‍ കവര്‍ച്ച ചെയ്തത്.
കണ്ണൂരിലും പയ്യന്നൂരിലുമായി വില്‍പ്പന നടത്തിയ മറ്റ് സ്വര്‍ണാഭരണങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ട്.
പ്രതികളെ നേരത്തെ പുലിയന്നൂരില്‍ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പില്‍ മുഖംമൂടി, മൊബൈല്‍ഫോണ്‍, രണ്ട് കത്തികള്‍, പണം എന്നിവ കണ്ടെടുത്തിരുന്നുവെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയാണ് ഇന്ന് പുലിയന്നൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.