Latest News

കണ്ണൂരിൽ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി : നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി, നാലുപേര്‍ അറസ്റ്റില്‍. പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുപ്പോള്‍ പ്രദേശത്തായിരുന്നു റെയിഡ്. രണ്ടരക്വിന്റല്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തു.[www.malabarflash.com] 

രഹസ്യവിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പെട്ട സുരേഷ് കക്കറ, കെ.പ്രിയേഷ്, ഷറഫുദ്ദീന്‍ എന്നിവരും കെഎപിയിലെ ഉനൈസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ബുധനാഴ്ച രാവിലെ 11 മുതല്‍ സന്ധ്യവരെ നടത്തിയ റെയിഡില്‍ ഇവ പിടിച്ചെടുത്തത്.

കുപ്പോളിലെ മധുമന്ദിരത്തില്‍ കെ.വസുന്ധരന്‍(55), ടി.എച്ച്.സുനില്‍(30), എസ്.സുജിത്‌മോന്‍(32), എസ്.സുധീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നടത്തുന്നക്വാറിയില്‍ നിന്നും 50 കിലോ സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

വസുന്ധരന്റെ മടക്കാംപൊയിലിലുള്ള വീട്ടില്‍ നിന്നാണ് 21 പെട്ടികളിലായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളും ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടിച്ചത്. ഓരോപെട്ടിയിലും 25 കിലോഗ്രാം വീതം സ്‌ഫോടകശേഖരമാണ് ഉണ്ടായിരുന്നത്. 4500 ജലാറ്റിന്‍സ്റ്റിക്കുകളാണ് ശേഖരത്തില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ് ഇവര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ചെറിയതോതില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള അനുമതിമാത്രമേ ഇവര്‍ക്ക് ഉള്ളൂവെങ്കിലും പ്രതിദിനം മുന്നൂറ് ലോഡ് ക്വാറി ഉല്‍പ്പന്നങ്ങളാണ് ഇവിടെനിന്നും കടത്തിയിരുന്നത്. അടുത്തകാലത്തായി വസുന്ധരന്‍ മൂന്നരകോടി മുതല്‍മുടക്കി കരിങ്കല്‍ ഖനനം നടത്തുന്നതിന് പുതിയ സ്ഥലം വാങ്ങിയതായും ഇവിടെ ഖനനം നടത്തുന്നതിന് കരിങ്കല്ലുകള്‍ പൊട്ടിക്കുന്നതിനാണ് വലിയ അളവില്‍ ഇവിടെ സ്‌ഫോടകവസ്തുശേഖരിച്ചതെന്നും പോലീസ് പറഞ്ഞു.

സ്‌ഫോടകവസ്തുക്കള്‍ ഇവര്‍ക്ക് എത്തിച്ചുനല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്കെതിരെ രണ്ട് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.