Latest News

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച രാവിലെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.[www.malabarflash.com] 

വിദ്യാർഥികൾക്ക് നിരക്കു വർധിപ്പിക്കാൻ ആകില്ലെന്നും ഇക്കാര്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു. അതേസമയം, വിദ്യാർഥികളുടെ നിരക്കു വർധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ചെവിക്കൊള്ളുകയായിരുന്നെന്നും ചർച്ചയ്ക്കു ശേഷം ബസ് ഉടമകൾ അറിയിച്ചു. 

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു.

അഞ്ചാം ദിവസത്തിലേക്കു കടക്കുന്ന ബസ് സമരത്തെ കർശനമായി നേരിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പെര്‍മിറ്റ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നതോടെ തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകള്‍ തിങ്കളാഴ്ച സര്‍വീസ്‌ നടത്തുകയും ചെയ്തു. തൃശൂരിൽ നൂറോളം ടൂറിസ്‌റ്റ്‌ ബസും തിങ്കളാഴ്ച സർവീസ് നടത്തി.

പ്രശ്‌നപരിഹാരത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം ബസ്‌ ഉടമകള്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചയ്‌ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ഇതോടെ സമരവിഷയത്തിൽ ബസ് ഉടമകളുടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായി. 12 സംഘടനകളുള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സമരം പെട്ടെന്നു തീര്‍ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. സര്‍വീസ്‌ നടത്താന്‍ തയാറാവുന്ന സ്വകാര്യ ബസുകള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന്‌ തിങ്കളാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിക്കുകയും ചെയ്തു.

സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാൻ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ക്ക്‌ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പെര്‍മിറ്റ്‌ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ്‌ നൽകാനും ഇതിനു മറുപടി തൃപ്‌തികരമല്ലെങ്കില്‍ പെര്‍മിറ്റ്‌ റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട്‌ പോകാനും ആർടിഒമാർക്ക് നിർദ്ദേശം ലഭിച്ചതോടെ സമരവുമായി മുന്നോട്ടുപോകാനാകാത്ത അവസ്ഥയിൽ ബസ് ഉടമകൾ എത്തിച്ചേരുകയായിരുന്നു. 

ബസ് സമരം നേരിടാൻ എസ്മ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രയോഗിക്കാൻ അനുമതി തേടി ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഈ സമ്മർദ്ദങ്ങൾക്കിടയിലാണ് സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഉടമകൾ പിൻമാറിയത്.

ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.