Latest News

കുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഒരു മാസം സൂക്ഷിച്ചു; വ്യാജ ‘സിബിഐ’ ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചയാൾ പിടിയിൽ. കുട്ടിയുടെ അയൽവാസിയായ അവദേശ് സാക്യയാണു പിടിയിലായത്.[www.malabarflash.com]

കുട്ടിയെ കാണാതായതു മുതൽ തിരച്ചിലിനും ഇയാൾ ഒപ്പം നിന്നിരുന്നു.
ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡൽഹിയിലെ നാഥുപുരയിൽനിന്ന് ആശിഷ് എന്ന ഏഴുവയസ്സുകാരനെ കാണാതായത്. 5.15ന് അമ്മാവന്റെ വീട്ടിൽനിന്ന് ഇറങ്ങിയ ആശിഷ് 5.17ന് സാക്യയുടെ വീടിനു മുന്നിൽ എത്തിയതായി സിസിടിവിയിൽനിന്നു കണ്ടെത്തിയിരുന്നു. പിന്നീടാണു കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. 37 ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്താനും പോലീസിൽ പരാതി നൽകുന്നതിനും മുൻപന്തിയിൽ നിന്നിരുന്നത് സാക്യയായിരുന്നു. ഉത്തരപ്രദേശിലെ ഇറ്റാ സ്വദേശിയായ സാക്യ, താൻ സിവിൽ സർവീസിനു തയാറെടുക്കുകയാണെന്നും മൂന്നു തവണ പരീക്ഷ എഴുതിയിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. 

അതേസമയം, സിബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നായിരുന്നു ഇയാൾ ആശിഷിന്റെ കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ചിലപ്പോൾ ആദായനികുതി വകുപ്പിലാണു ജോലിയെന്നു പറഞ്ഞ സാക്യ, ജനുവരിയിൽ തനിക്ക് സിബിഐയിൽ ജോലി ലഭിച്ചതായി പറഞ്ഞു. 

ഫെബ്രുവരി 12നാണു ജോലിയിൽ പ്രവേശിക്കേണ്ടതെന്നും താമസിക്കാൻ ബംഗ്ലാവും കാറും തോക്കും തനിക്ക് തന്നിട്ടുണ്ടെന്നു പറഞ്ഞതായും ആശിഷിന്റെ പിതാവ് കരൺ സൈനി പറയുന്നു. വളരെ നന്നായി ഇംഗ്ലിഷിൽ സംസാരിച്ചിരുന്ന ഇയാൾ വിദ്യാഭ്യാസമുള്ളയാളാണെന്നാണു ധരിപ്പിച്ചിരുന്നതെന്നും സൈനി വ്യക്തമാക്കി.
ആശിഷിനെ കാണാതായപ്പോൾ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു.

‘നാലാഴ്ചയോളം എന്റെ വീട്ടിൽതന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നത്. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയതും സാക്യയ്ക്കൊപ്പം തന്നെയായിരുന്നു’– ആശിഷിന്റെ പിതാവ് പറഞ്ഞു.
ഇതേസമയം, സമീപവീടുകളിൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സ്യൂട്ട്കേസുകളിലും വാട്ടർ ടാങ്കുകളിലും റാക്കുകളിലും കാർഡ്ബോർഡ് പെട്ടികളിലും വരെ അവർ തിരച്ചിൽ നടത്തി. എന്നാൽ പോലീസിനെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കാൻ സാക്യ ശ്രമിച്ചു. പോലീസ് പോകുന്നതുവരെ വീട്ടിൽനിന്നു മാറാതെ നിൽക്കുകയായിരുന്നു പതിവ്. 

ഒരിക്കൽ കരൺ സൈനി ഇയാളുടെ വീട്ടിൽ ചെന്നിരുന്നു. ദുർഗന്ധമുയരുന്നതിന്റെ കാര്യം ചോദിച്ചപ്പോൾ എലി ചത്തതിന്റെയാണെന്നാണു പറഞ്ഞത്. എയർ ഫ്രഷ്നർ അടിച്ച് ദുർഗന്ധം മാറ്റുകയും ചെയ്തു.
വീട്ടിൽനിന്നുള്ള ദുർഗന്ധം എലി ചത്തതിന്റെയാണെന്നു തെളിയിക്കുന്നതിനായി സാക്യ മനഃപ്പൂർവം എലികളെ കൊല്ലുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. 

പത്തോളം പെർഫ്യൂം കാനുകളും ബോട്ടിലുകളുമാണ് ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. ആശിഷിന്റെ കുടുംബം തന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നു പിടിയിലായ സാക്യ പറഞ്ഞു. എന്നാൽ കുട്ടിയുടെ കുടുംബം ആരോപണം നിഷേധിച്ചു. മുന്തിയ ഇനം വാഹനം വാങ്ങുന്നതിനുള്ള മാർഗമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നാണ് പോലീസിന്റെ നിഗമനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.