Latest News

കെഎസ്ടിപി റോഡ് നവീകരണം പൂർണമായി നിലച്ചു

കാഞ്ഞങ്ങാട് ∙ ഇഴഞ്ഞും തളർന്നും നീങ്ങിയ കെഎസ്ടിപി റോഡ് നവീകരണം ഒടുവിൽ പൂർണമായി നിലച്ചു. പള്ളിക്കര മഞ്ഞങ്ങാനത്തെ കരാറുകാരുടെ ക്യാംപ് അടച്ചുപൂട്ടി.[www.malabarflash.com]

വേതനം ലഭിക്കാത്തതിനെത്തുടർന്നു തൊഴിലാളികൾ മടങ്ങുകയാണ്. മാർച്ചിൽ പൂർത്തിയാകേണ്ട പ്രവൃത്തി ‌ഈ അവസ്ഥയാണെങ്കിൽ തീരില്ലെന്ന കാര്യം ഉറപ്പായി.

കെഎസ്ടിപി കരാറുകാർക്ക് നൽകാനുള്ള കുടിശികയായ അഞ്ചുകോടിയോളം രൂപ നൽകാനുള്ള കാലതാമസമാണ് റോഡ് പണി നിലയ്ക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. 

കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസർകോട് പ്രസ്ക്ലബ് ജംക്‌ഷൻ വരെയുള്ള കെഎസ്ടിപി റോഡിൽ കാഞ്ഞങ്ങാട് നഗരത്തിൽ മാത്രമാണ് പ്രവൃത്തി പൂർത്തിയാകാനുള്ളത്.

ലോകബാങ്ക് അധികൃതർ മാസങ്ങൾക്ക് മുൻപു സ്ഥലം സന്ദർശിച്ചു മാർച്ചിൽ പ്രവൃത്തി തീർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കണക്കിനു പോയാൽ പൂർത്തിയാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും നൽകാനാവില്ലെന്നു കരാറുകാർ പറയുന്നു. കരാറെടുത്ത കമ്പനിക്കു നൽകാനുള്ള കുടിശിക കുന്നുകൂടി.

അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. മണൽ, മെറ്റൽ എന്നിവയുടെ ലഭ്യതക്കുറവ് നിർമാണപ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മൂന്നുമാസത്തെ വേതനമാണു നിലവിൽ തൊഴിലാളികൾക്കു നൽകാനുള്ളത്. ഇതു കിട്ടാതെ വന്നതും പണി നിലച്ചതും തൊഴിലാളികൾ ക്യാംപ് വിട്ടുപോകാനുള്ള കാരണമായി. 

പള്ളിക്കരയിലെ ക്യാംപിലേക്കു ജനറേറ്റർ പ്രവർത്തിപ്പിച്ചായിരുന്നു വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത്.  എന്നാൽ, ബാങ്കിൽ കുടിശിക വന്നതോടെ ഇവർ ഇന്ധനം നൽകാനാവില്ലെന്ന് അറിയിച്ചു. ഇതോടെ വൈദ്യുതിബന്ധം ഇല്ലാതായി. ഇതും തൊഴിലാളികൾ ക്യാംപ് വിടാൻ കാരണമായിട്ടുണ്ട്. വേതനം കൃത്യമായി ലഭിക്കാത്തതിനാൽ തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ പണിമുടക്കുകയും ചെയ്തിരുന്നു.

മെറ്റലും മണലും എത്തിച്ചുനൽകുന്നവർക്ക് കുടിശിക ഉള്ളതിനാൽ ഇവർ സാധനങ്ങൾ എത്തിച്ചുനൽകാനും മടി കാണിക്കുന്നു. ഡിവൈഡറിന്റെ നിർമാണമാണു നഗരത്തിൽ ഇപ്പോൾ നടക്കുന്നത്. റോഡിൽ കുഴിയെടുത്തു നിർമാണം പാതിയിൽ നിർത്തിയതു പൊതുജനത്തിനും ദുരിതമായി. നടപ്പാത, സർവീസ് റോഡ്, ഡിവൈഡർ എന്നീ പ്രവൃത്തികളാണു പൂർത്തിയാകാനുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.