കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്ന തൃശ്ശൂര്‍ മുല്ലച്ചേരി സ്വദേശി വി കെ ഉണ്ണികൃഷ്ണന്റെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഉണ്ണികൃഷ്ണന്റെ പിതാവ് വി എസ് കണ്ടക്കുട്ടിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.[www.malabarflash.com]
2016 നവംബര്‍ 9നാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരിക്കവെ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനടുത്തുള്ള കോടതി കോംപ്ലക്‌സിന് സമീപത്തുള്ള ഔദ്യോഗിക വസതിയില്‍ രാവിലെ പത്ത് മണിയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന അദ്ദേഹം സ്ഥലംമാറി കാസര്‍കോട് ചുമതലയെടുത്ത രണ്ടാംമാസത്തിലാണ് മരണപ്പെട്ടത്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശരീരത്തില്‍ 25ഓളം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും ഇത് മര്‍ദ്ദനമേറ്റതിന്റെ തെളിവാണെന്നും കണ്ടക്കുട്ടിയുടെ ഹരജിയില്‍ പറയുന്നു.
തന്റെ മുന്നിലെത്തുന്ന കേസുകള്‍ സൂക്ഷ്മമായി പഠിച്ച് കൃത്യതയോടെ വിധി പറയുമായിരുന്ന ഉണ്ണികൃഷ്ണന് ഒരുപാട് ശത്രുക്കളുണ്ടായിരുന്നതായും അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും പിതാവിന്റെ ഹരജിയില്‍ പറയുന്നു.
ഉണ്ണികൃഷ്ണനും ഹൊസ്ദുര്‍ഗ് ബാറിലെ ഏതാനും അഭിഭാഷകരും കര്‍ണാടക സുള്ള്യയിലേക്ക് യാത്ര നടത്തിയിരുന്നു. ഇതിനിടയില്‍ സുള്ള്യയില്‍ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് സുള്ള്യ പോലീസ് അദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് ഇദ്ദേഹത്തെ പോലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം തിരിച്ചെത്തിയ ഇദ്ദേഹം കാസര്‍കോട്ട് കെയര്‍വല്‍ ആശുപത്രിയില്‍ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയിരുന്നു.
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണനില്‍ നിന്നും വിശദീകരണം തേടുകയും ജില്ലാ ജഡ്ജിയില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെ ഹൈക്കോടതി ഭരണ വിഭാഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കെട്ടിതൂങ്ങിയ നിലയില്‍ വസതിയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഉണ്ണികൃഷ്ണന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവവും ആരംഭിച്ചിരുന്നു.
No comments:
Post a Comment