മംഗളൂരു: മംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.[www.malabarflash.com]
ചില യാത്രക്കാരെ പ്രത്യേകം നിരീക്ഷിച്ച് അവരുടെ വാഹനങ്ങളെ പിന്തുടര്‍ന്ന്, വാഹനത്തിന് കുറുകെ വാഹനമിട്ട് നിര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായാണ് വിവരം.
ഇക്കഴിഞ്ഞ ഒന്നിന് കാസര്‍കോട് സ്വദേശിയായ ഗള്‍ഫ് വ്യവസായി ഈ കൊള്ളസംഘത്തിന്റെ കയ്യില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സുഹൃത്തിന്റെ മകളുടെ നിക്കാഹ് ചടങ്ങില്‍ പങ്കെടുക്കാനായി ദുബായില്‍ നിന്ന് വരികയായിരുന്ന ഗള്‍ഫ് വ്യവസായി ഒന്നിന് വൈകിട്ട് അഞ്ചര മണിക്ക് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കാറില്‍ കാസര്‍കോട്ടേക്ക് വരുമ്പോഴാണ് കവര്‍ച്ചാ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് വന്ന മറ്റൊരു വാഹനം കുറുകെയിട്ട് നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. നേത്രാവതി പാലത്തിന് അടുത്തെത്തിയപ്പോഴാണ് പിന്നില്‍ നിന്ന് കുതിച്ചു വന്ന ഒരു വാഹനം മുന്നില്‍ വന്ന് നിന്ന് കുറുകെയിട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. അപകടം മണത്ത ഗള്‍ഫ് വ്യവസായി വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. വീണ്ടും മുന്നില്‍ വന്ന് നിന്ന വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ കൈ പുറത്തിട്ട് ഒരു കുന്ന് ചൂണ്ടിക്കാണിച്ച് അവിടേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗള്‍ഫ് വ്യവസായി വാഹനം നിര്‍ത്താതെ സാഹസികമായി യാത്ര തുടങ്ങുകയായിരുന്നു.
അല്‍പം മുന്നിലെത്തിയപ്പോള്‍ പോലീസ് വണ്ടി നില്‍ക്കുന്നത് കണ്ട് ഗള്‍ഫ് വ്യവസായി പോലീസിനോട് വിവരം പറയാന്‍ ഒരുങ്ങിയെങ്കിലും തങ്ങളെ പിന്തുടര്‍ന്ന് വന്ന വാഹനം പെട്ടന്ന് തിരിച്ചു പോയതിനാല്‍ പോലീസിനോട് പറയാതെ യാത്ര തുടര്‍ന്നു. അല്‍പം കഴിഞ്ഞ് വീണ്ടും പ്രസ്തുത വാഹനം മുന്നില്‍ വന്ന് നില്‍ക്കുകയും തന്നെ പിന്നെ കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തി ഓടിച്ചുപോവുകയുമായിരുന്നു.
വിവരം മംഗളൂരു പോലീസ് മേധാവിയെ വിളിച്ച് പറഞ്ഞപ്പോഴാണ് മംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകുന്ന മലയാളി യാത്രക്കാരെ തിരഞ്ഞ് പിടിച്ച് കവര്‍ച്ച നടത്തുന്ന ഒരു സംഘം മംഗളൂരു ദേശീയ പാത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും അറിഞ്ഞത്.
സമ്പന്നരായ യാത്രക്കാരാണത്രെ കൊള്ളസംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ വാഹനത്തില്‍ ഇടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് നിര്‍ത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. സംഘത്തെ പിടികൂടാന്‍ പോലീസ് വലവീശിയിട്ടുണ്ടെന്നും മംഗളൂരു പോലീസ് പറഞ്ഞു.
യാത്രക്കാര്‍ സൂക്ഷിക്കണമെന്നും വാഹനത്തിലിടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നും പോലീസ് സൂചന നല്‍കി. കവര്‍ച്ചാ സംഘത്തെക്കുറിച്ച് മന്ത്രി യു.ടി ഖാദര്‍ അടക്കമുള്ളവരെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment