Latest News

11 മാസമായ കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ച അമ്മ കാമുകനൊപ്പം മുങ്ങി

തിരുവനന്തപുരം:പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയിൽ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്ന മാതാവിനെ പോലീസ് പിന്തുടർന്നു പിടികൂടി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സാജൻ (27), പുതിയതുറ സ്വദേശിനി റോസ്മേരി (23) എന്നിവരെയാണു കാഞ്ഞിരംകുളം എസ്ഐ: സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.

കുഞ്ഞിനെ റോസ്മേരി നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ കടവരാന്തയിലാണു പുലർച്ചെ നാലരയോടെ ഉപേക്ഷിച്ചത്. പിന്നീട് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലവും കാമുകനൊപ്പം പോവുകയാണെന്ന വിവരവും അറിയിച്ചു. വീട്ടുകാർ തിടുക്കത്തിൽ അക്ഷയ കോംപ്ലക്സിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. പോലീസ് രേഖകളനുസരിച്ച്‌, രാവിലെ 5.50ന് അക്ഷയ കോംപ്ലക്സിലെ പടിക്കെട്ടിൽനിന്നു കുഞ്ഞിനെ ബന്ധുക്കൾക്കു ലഭിച്ചുവെന്നാണ്. രാവിലെ മുതൽ പോലീസ് കമിതാക്കൾക്കു പിന്നാലെയായിരുന്നെങ്കിലും വൈകിട്ട് അഞ്ചരയോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സമീപം ആഴിമല ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റിഡിയിലെടുത്തത്.

കാമുകൻ നിർബന്ധിച്ചതിനെ തുടർന്നാണു കുട്ടിയെ ഉപേക്ഷിക്കാൻ തയാറായതെന്നു യുവതി പോലീസിനു മൊഴിനൽകിയിട്ടുണ്ട്. റോസ്മേരിയുടെ ഭർത്താവ് വിദേശത്താണ്. പ്രണയവിവാഹമായിരുന്നു. നാലുമാസം മുൻപാണ് ഭർത്താവ് നാട്ടിൽനിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ്  നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാർക്കൊപ്പം പോകാൻ പോലീസ് അവസരം നൽകിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാർക്കൊപ്പം പോകില്ല എന്ന നിലപാടിലായിരുന്നു യുവതി.

റോസ്മേരിക്കൊപ്പം പിടിയിലായ സാജൻ അടിപിടി, മോഷണം, പിടിച്ചുപറി, കഞ്ചാവുവിൽപന തുടങ്ങി ഒട്ടേറെ ക്രിമിനൽകേസുകളിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു. ഇയാളുടെ പേരിൽ പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

യുവതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 317, 34 എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ (2015) 75 എന്ന വകുപ്പുമാണു ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം, കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള വ്യക്തി മനഃപൂർവം ഉപേക്ഷിക്കാൻ ശ്രമിച്ചതിലൂടെ മൂന്നു മുതൽ ഏഴുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിവ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.