കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30), മാന്യയിലെ ഹര്‍ഷാദ് (30) എന്നിവര്‍ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ തിരച്ചില്‍ തുടരുന്നു.[www.malabarflash.com]
മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. സുബൈദയുടെ സ്വര്‍ണം വിറ്റ പണത്തിന് പുറമെ മറ്റൊരു നോട്ട് കെട്ട് കൂടി കയ്യില്‍ കണ്ടിരുന്നതായി കൂട്ടുപ്രതി ഖാദര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലക്ക് ശേഷം കാറില്‍ അണങ്കൂരിലെത്തിയ സംഘം ഹൈവെ കാസിലിലെ സെക്യൂരിറ്റിയോട് ബിയര്‍ വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. സെക്യൂരിറ്റിക്ക് പണം നല്‍കിയത് രണ്ടാമത്തെ നോട്ട് കെട്ടില്‍ നിന്നാണെന്ന് ഖാദര്‍ പറഞ്ഞു.
കയ്യില്‍ പണമുള്ളതിനാല്‍ ഹോട്ടലുകളില്‍ കഴിയാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.
അതിനിടെ സുള്ള്യ പോലീസും വടകര പോലീസും അസീസിനെ തേടുന്നുണ്ട്. വടകരയിലെ ഒരു കവര്‍ച്ചാകേസിലെ പ്രതിയാണ് അസീസ്. സുള്ള്യയില്‍ കല്ല്യാണത്തലേന്ന് ഒരു വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ്. ഒരു തവണ റോഡ് തടസ്സപ്പെടുത്തി അസീസിന്റെ കാര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വണ്ടി ഇടിച്ചുമാറ്റി കാറുമായി അസീസ് കടന്ന് കളഞ്ഞതായാണ് വിവരം.
2000 രൂപക്ക് പോലും ആളെ കൊല്ലാന്‍ മടിക്കാത്ത ക്രിമിനല്‍ പശ്ചാത്തലമാണ് അസീസിനുള്ളതെന്നാണ് പോലീസ് പറയുന്നത്. അസീസിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിനും തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന് പോലീസ് കരുതുന്നു.
ദേവകി കൊല്ലപ്പെട്ട് പത്ത് ദിവസത്തിന് ശേഷമാണ് അസീസ് ചൗക്കിയിലെ യുവതിയെ വിവാഹം കഴിച്ചത്. സുബൈദയെ കൊന്ന സമാനരീതിയിലാണ് ദേവകിയും കൊല്ലപ്പെട്ടത്. ദേവകിയുടെ മൃതദേഹം കമിഴ്ന്ന് കിടന്ന നിലയിലാണ് പുറത്തേക്കുള്ള വാതിലിന് സമീപം കണ്ടത്. സുബൈദയുടെ മൃതദേഹവും സമാനരീതിയിലാണ് ഉണ്ടായിരുന്നത്.
രണ്ട് കൊലയും ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ദേവകിയുടെ വീടുമായി അസീസിന് ബന്ധമുണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കണ്ണൂരിലെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ദേവകി കൊലക്കേസ് അന്വേഷിക്കുന്നത്.
അതിനിടെ കേസില്‍ അറസ്റ്റിലായ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു.
പ്രതികളെ ആയംപാറയിലെ സുബൈദയുടെ വീട്ടില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
No comments:
Post a Comment