കാസര്‍കോട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാര്‍ഷോറൂം ജീവനക്കാരന്‍ മരിച്ചു. ഇന്ദിരാനഗര്‍ ഹ്യൂണ്ടായി കാര്‍ ഷോറൂമിലെ ജീവനക്കാരന്‍ കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പരിക്കളത്തെ പി.എന്‍. പ്രിയേഷ്(27)ആണ് മരിച്ചത്.[www.malabarflash.com]
ഡിസംബര്‍ ആറിനാണ് പൊയിനാച്ചിയില്‍ വെച്ച് അപകടം നടന്നത്. ഹ്യുണ്ടായി ക്രെറ്റ കാറില്‍ ഡീസലിന് പകരം പെട്രോള്‍ ഒഴിച്ചതിനെ തുടര്‍ന്ന് കാറിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ അയച്ചതായിരുന്നു പ്രിയേഷിനെയും മറ്റു രണ്ട് ജീവനക്കാരെയും.
കാറിന്റെ പിറകിലെ ടാങ്കില്‍ നിന്ന് പെട്രോള്‍ പൂര്‍ണ്ണമായും കന്നാസിലേക്ക് മാറ്റിയിരുന്നു. ടാങ്ക് വൃത്തിയാക്കി കഴിഞ്ഞ ശേഷമാണ് കന്നാസിന് പെട്ടന്ന് തീ പടര്‍ന്നത്. പ്രിയേഷിന്റെ പാന്റ്‌സില്‍ പെട്രോള്‍ നനവ് ഉണ്ടായിരുന്നതിനാല്‍ ശരീരത്തിലേക്കും പടര്‍ന്നു. കൈക്കും കാലുകള്‍ക്കുമാണ് തീപടര്‍ന്നത്. മറ്റു രണ്ട് പേര്‍ക്കും കൈക്ക് നിസാര പൊള്ളലേറ്റു. കാറിന്റെ സീറ്റിനും തീപിടിച്ചിരുന്നു.
തീയണച്ച ഉടന്‍ പ്രിയേഷിനെ കാസര്‍കോട് ആസ്പത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. 35 ശതമാനം പൊള്ളലേറ്റതായാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞത്. ഒരു മാസക്കാലം മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഇരിട്ടിയിലെ ആയുര്‍വേദ ആസ്പത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രിയേഷ് വെള്ളം ചോദിച്ചിരുന്നു. സഹോദരന്‍ പ്രദീപ് വെള്ളം നല്‍കി. രാവിലെ പ്രദീപ് ഉറക്കമുണര്‍ന്ന് വിളിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഇരിട്ടി ഉളിക്കല്‍ പരിക്കളത്തെ നാരായണന്റെയും കോമളത്തിന്റെയും മകനാണ്. പ്രദീപ് ഏക സഹോദരനാണ്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് നന്നാക്കി ഉടമ കൊണ്ടുപോയിരുന്നു. നാലരലക്ഷത്തോളം രൂപ ചികിത്സയിനത്തില്‍ ചെലവായതായി കാര്‍ ഷോറൂം അധികൃതര്‍ പറഞ്ഞു.
ബേക്കല്‍ പോലീസ് ആസ്പത്രിയിലെത്തി പ്രിയേഷില്‍ നിന്ന് മൊഴിയെടുത്തിരുന്നെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
No comments:
Post a Comment