Latest News

വിദ്യാര്‍ഥിനിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

വർക്കല: കോളജിലേക്കു പോകും വഴി വിദ്യാർഥിനിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

പരുക്കേറ്റ വെട്ടൂർ പുത്തൻചന്ത മങ്ങാട് തിരുവാതിര ഭവനിൽ ധന്യയെ(20) തലയുടെ പിൻഭാഗത്തു നേരിയ പൊട്ടലോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നു ഡോക്ടർമാർ പറഞ്ഞു.


ബുധനാഴ്ച രാവിലെ 7.30നു മങ്ങാട്-പുത്തൻചന്ത റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചായിരുന്നു ആക്രമണം. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണു മണിദാസ്–ലതാകുമാരി ദമ്പതികളുടെ മകളായ ധന്യ. രാവിലെ കോളജിലേക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങി ഏതാനും മീറ്റർ ദൂരത്തെത്തിയപ്പോഴാണ് ആക്രമണം.

എതിരെവന്ന അക്രമിയായ യുപി ഷഹർപൂർ സ്വദേശി മുഹമ്മദ് മക്കാറാം(28) പെട്ടെന്നു ധന്യയുടെ പിന്നിലെത്തി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. മൂന്നു പ്രാവശ്യം അടിച്ചെന്നു ധന്യ പറഞ്ഞു.

ആക്രമണത്തിൽ പരുക്കേറ്റ ധന്യ നിലവിളിച്ചു തിരികെ വീട്ടിലേക്ക് ഓടി. ഇതിനിടയിൽ ഇതുവഴി കടന്നുവന്ന ബൈക്ക് യാത്രികരായ രണ്ടു പേർ ധന്യയുടെ സഹായത്തിനെത്തി. തുടർന്നാണു നാട്ടുകാർ മക്കാറാമിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയത്. ആക്രമണ കാരണം വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.

അപ്രതീക്ഷിതമായ ആക്രമണമെന്നാണു ധന്യ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. മക്കാറാം ലഹരിക്കടിമയാണോ എന്നു വിശദമായ അന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു.

പുത്തൻചന്തയ്ക്കു സമീപം തടിമില്ലിൽ ജോലി ചെയ്യുന്ന മക്കാറാം കുടുംബസമേതമാണു പരിസരത്തു താമസിച്ചിരുന്നത്. അടുത്തകാലത്തു കുടുംബാംഗങ്ങളെ നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയെന്ന നിലയിൽ ഇയാൾ പോലീസിനു നൽകേണ്ട ക്ളിയറൻസ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ലെന്നാണു സൂചന.

വധശ്രമത്തിനു മക്കാറാമിനെതിരെ കേസെടുത്തതായി വർക്കല എസ്എച്ച്ഒ. പി.വി.രമേഷ് കുമാർ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.