Latest News

മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ കുത്തേറ്റു മരിച്ചു

കൊച്ചി: രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണു (52) കൊല്ലപ്പെട്ടത്.[www.malabarflash.com] 

വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ വട്ടപ്പറമ്പിൽ ജോണിക്കായി തിര‍ച്ചിൽ തുടരുകയാണ്. മൂന്നുമാസം മുൻപു സ്വഭാവ ദൂഷ്യം ആരോപിച്ചു ജോണിക്കെതിരെ ഫാ. സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശുശ്രൂഷയ്ക്കു യോഗ്യനല്ലെന്നു കണ്ടായിരുന്നു നടപടിയെന്നു സഭാധികൃതർ വ്യക്തമാക്കി.

കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിനു ഫാ. സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെനിന്നു മടങ്ങിവരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിനു സമീപത്തുവച്ചാണു കപ്യാര്‍ ജോണി വട്ടപറമ്പന്‍ ഫാ. സേവ്യറിനെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ അച്ചനെ കുത്തുകയായിരുന്നു.

പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടതു തുടയില്‍ ആഴത്തിലേറ്റ കുത്താണു മരണത്തിലേക്കു നയിച്ചത്.  ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്തം വാര്‍ന്നാണ് ഫാ. സേവ്യര്‍ തേലക്കാട്ട് മരിച്ചത്. കുത്തേറ്റ അച്ചനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മരണകാരണമായി.

കണ്ണൂർ കരിമ്പൻചാൽ വെള്ളാട് പരേതനായ പൗലോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ഫാ. സേവ്യർ. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ കാലടി ചേരാനല്ലൂരിൽ ഉണ്ട്. മോളി, ലിസ്സി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.

കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി ഇദ്ദേഹം സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേല‍ക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.