Latest News

വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം

ചെറുപുഴ: റോഡരികിലൂടെ സ്കൂള്‍ വിട്ട്​ നടന്നു പോകുകയായിരുന്ന കുട്ടികളെ അമിത വേഗത്തില്‍ വന്ന വാന്‍ ഇടിച്ച്​ തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപമാണ് അപകടം.[www.malabarflash.com]

 ചെറുപുഴ സെന്റ് ജോസഫ്​ ഹയര്‍ സെക്കന്ററി സ്കൂള്‍ വിട്ട്​ ചെറുപുഴയിലേയ്​ക്ക്​ നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥികളെയാണ് വാന്‍ ഇടിച്ചത്​. കുട്ടികളെ ഇടിച്ചതിന് ശേഷം സമീപത്ത്​ നിര്‍ത്തിയിട്ടിരുന്ന ഒരു ഓംനി വാനിലും ഇടിച്ചു. കുട്ടികളെ ഉടന്‍ തന്നെ ചെറുപുഴ സെന്റ് സെബാസ്​റ്റ്യന്‍സ്​ആശുപത്രിയില്‍ എത്തിച്ച്​ പ്രഥമ ശിശ്രൂഷകള്‍ നല്‍കിയ ശേഷം പയ്യന്നൂര്‍ അനാമയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവനന്ദ രതീഷാണ് (13) മരിച്ചത്​. പെരിങ്ങോം ചിലകിലെ രതീഷിന്റേയും ശാലിനിയുടേയും മകളാണ് ഏഴാം ക്ലാസ്​ വിദ്യാര്‍ഥിനിയായ ദേവനന്ദ.

 ടി.ഒ. ആല്‍ഫി എന്ന വിദ്യാര്‍ഥി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. 
ടി.വി.ആര്യ, അലക്​സ ഷൈജു, ജൂന മുസ്​തഫ എന്നിവരും പയ്യന്നൂര്‍ അനാമയ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്​. തിരുമേനി ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന മിനി വാന്‍ തെറ്റായ ദിശയില്‍ വന്നാണ് കുട്ടികളെ ഇടിച്ചിട്ടത്​. 

ചെറുപുഴ എസ്​ ഐ പി. സുകുമാരന്റെ നേതൃത്വത്തിലെത്തിയ പോലീസ്​ വാനിന്റെ ഡ്രൈവര്‍ വളപട്ടണം സ്വദേശി കെ.സി. അബ്​ദുള്‍ കരീമിനെ കസ്​റ്റഡിയിലെടുത്തു. വാഹനം സ്റ്റേഷനിലേയ്​ക്ക്​ മാറ്റി. എഞ്ചിന്‍ ഓയില്‍ കൊണ്ടുവന്ന വാഹനമാണ് ഇത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.