പയ്യന്നൂര്‍: കണ്ണൂര്‍ താഴെചൊവ്വയിലെ അസൈനാര്‍ ഹാജിയുടെ മകന്‍ നൗഫലിനെ(40) കൊലപ്പെടുത്തിയ കേസിലെ പ്രതി ചെറുവത്തൂര്‍ പൊള്ളപ്പൊയിലിലെ പ്രകാശന്‍ (42) പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി.[www.malabarflash.com]
കഴിഞ്ഞ ഡിസംബര്‍ 9ന് പുലര്‍ച്ചെയാണ് നൗഫലിന്റെ മൃതദേഹം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പയ്യന്നൂര്‍ പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറുവത്തൂരില്‍ വെച്ച് നൗഫലിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തി. ചെറുവത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ പ്രകാശന്‍ മുങ്ങുകയും ചെയ്തു.
പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ജാമ്യം നിഷേധിച്ച കോടതി ബന്ധപ്പെട്ട കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്.
സംഭവ ദിവസം മൈസൂരില്‍ നിന്നും വരികയായിരുന്ന നൗഫല്‍ ചെറുവത്തൂരില്‍ വണ്ടിയിറങ്ങുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രകാശന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെയുമായി നൗഫല്‍ ഒന്നിച്ച് മദ്യപിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് നൗഫലിന് മര്‍ദ്ദനമേറ്റത്. പിന്നീട് വണ്ടി കയറി പയ്യന്നൂരില്‍ ഇറങ്ങിയപ്പോഴാണ് ഇവിടെവെച്ച് മരണപ്പെട്ടത്.മനപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
No comments:
Post a Comment