Latest News

ഭരണി കുഞ്ഞായി ആച്ചേല്‍ കൃഷ്ണയ്ക്കിത് മൂന്നാം ഊഴം

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുഞ്ഞായി ആച്ചേല്‍ കൃഷ്ണയ്ക്കിത് മൂന്നാം ഊഴം. കഴക പരിധിയിലെ എട്ടില്ലം തറവാടുകളില്‍പ്പെടുന്ന ഭരണി നക്ഷത്രത്തില്‍ ജനിച്ച പത്ത് വയസ്സ് കവിയാത്ത പെണ്‍കുഞ്ഞാണ് ദേവിയുടെ പ്രതീകമായ ഭരണി കുഞ്ഞാവുക. കുറുംബ ദേവീക്ഷേത്രങ്ങളില്‍ മീനമാസത്തിലാണ് ഭരണി ഉത്സവങ്ങള്‍ നടക്കുക.[www.malabarflash.com] 

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കുംഭത്തിലെ പഞ്ചമി നാളിലാണ് കോടിയേറുന്നത്. രണ്ട് ക്ഷേത്രങ്ങളും തമ്മില്‍ ബന്ധപ്പെട്ട ഐതിഹ്യങ്ങളാല്‍ തൃക്കണ്ണാടിലെ കൊടിയിറക്കത്തിന് ശേഷം 'കമ്പയും കയറും' ഏറ്റുവാങ്ങിയാണ് പാലക്കുന്ന് ക്ഷേത്രത്തില്‍ കൊടിയേറ്റുന്നത്. അതുകൊണ്ടാണ് പാലക്കുന്നില്‍ പലപ്പോഴും കുംഭത്തില്‍ ഭരണി ഉത്സവം തുടങ്ങുന്നത്. 

ഈ വൈരുധ്യം കാരണമാണ് ദേവിയുടെ നക്ഷത്രമായ ഭരണി നാളില്‍ പിറന്ന കുട്ടിയെ പ്രതീകമായി സങ്കല്‍പിച്ച് ഭരണി കുഞ്ഞായി വാഴിക്കുന്നത്. ഭരണിക്ക് നാളു കുറിക്കലും ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിക്കല്‍ ചടങ്ങും ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നടന്നു. 

പടിഞ്ഞാറ്റയില്‍ നിത്യദീപത്തിന് കീഴില്‍ ചമ്രംപടിഞ്ഞിരുന്ന ആച്ചേല്‍ കൃഷ്ണയെ അരിയും പൂവുമിട്ട് സ്ഥാനികരും പൂരക്കളി പണിക്കന്മാരും ഭരണസമിതി ഭാരവാഹികളും അനുഗ്രഹിച്ചശേഷം ഭരണി കുഞ്ഞായി അവരോധിച്ചു. 

മാങ്ങാട് കൃഷ്ണാഞ്ജനത്തില്‍ കൃഷ്ണന്‍ മാങ്ങാടിന്റെയും സന്ധ്യയുടെയും മകളായ ആച്ചേല്‍ കൃഷ്ണ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.