Latest News

ഇരുമുന്നണിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ചെങ്ങന്നൂരില്‍ അരങ്ങൊരുങ്ങി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി നിർവാഹക സമിതി അംഗം ഡി. വിജയകുമാറിനെയും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെയും പ്രഖ്യാപിച്ചു. ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി നൽകിയ നിർദേശം എഐസിസി നേതൃത്വം അംഗീകരിച്ചു.[www.malabarflash.com]

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് സജി ചെറിയാന്റെ സ്ഥാനാർഥിത്വം സിപിഎം പ്രഖ്യാപിച്ചത്. 

അതേസമയം ദേശീയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരൻ പിള്ളയെ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന നേതൃത്വം നിർദേശിച്ചെങ്കിലും ദേശീയ നേതൃത്വം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റായ ഡി. വിജയകുമാര്‍ കെഎസ്‌യുവിലൂടെ പൊതുരംഗത്ത് എത്തി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991ൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ മണിക്കൂറിൽ ശോഭനാ ജോർജിനു വഴി മാറിക്കൊടുക്കേണ്ടി വന്നു.

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണു സജി ചെറിയാനെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചത്. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ സജി ചെറിയാൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ചെറിയനാട് ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എന്നീ ചുമതലകളും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2006 ൽ ചെങ്ങന്നൂരിൽ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.