Latest News

വാഹനാപകട കേസ് തടസ്സമായി; തീപിടുത്തത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം ദമാം എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു

റിയാദ്: രണ്ടു മാസം മുന്‍പ് തീപിടുത്തത്തില്‍ വെന്തു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി എത്തിച്ചപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അധികൃതര്‍ തിരിച്ചയച്ചു.[www.malabarflash.com] 

നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞ മൃതശരീരം വിമാനത്താവളത്തില്‍ എത്തിച്ചു വിമാനത്തില്‍ കയറ്റാന്‍ കൊണ്ട് പോകുന്നതിനു മുന്‍പ് എമിഗ്രേഷന്‍ അധികൃതരാണ് തടഞ്ഞത്.

നേരത്തെ സൗദിയില്‍ വെച്ചുണ്ടായ വാഹനാപകട കേസില്‍ നഷ്ടപരിഹാരമായി 29,000 റിയാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് മത്‌ലൂബ് (വാണ്ടഡ്) ആയി ഇപ്പോഴും കംപ്യുട്ടര്‍ സിസ്റ്റത്തില്‍ രേഖപ്പെട്ടു കിടക്കുന്നതാണ് മൃതശരീരം നാട്ടിലേക്കു കൊണ്ടുപോകുന്നതിനു തടസ്സമായത്.

കിഴക്കന്‍ സൗദിയിലെ അല്‍ഖോബാര്‍ റാഖയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം വെമ്പായം വെട്ടിനാട് നേടിയൂരില്‍ ഇടിക്കുംതറ രാജന്റെ മൃതുദേഹമാണ് ദമാം വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചത്. കഴിഞ്ഞ ജനുവരി 19 നു രാത്രി ഉറങ്ങാന്‍ കിടക്കവേ വൈദ്യുതി ഷോര്‍ട്ട് മൂലം ഉണ്ടായ തീപിടുത്തമാണ് മരണ കാരണം.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പൊള്ളലേറ്റാണ് മരണണമെന്നത് വ്യക്തമാക്കി ഇന്ത്യന്‍ എംബസിയില്‍ നിന്നും എന്‍.ഒ.സിയും കൈപറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് എക്‌സിറ്റ് അടിക്കുകയും ചെയ്ത ശേഷമാണ് എംബാമിങ് ചെയ്യ്ത് തിങ്കളാഴ്ച്ച രാത്രിയിലുള്ള തിരുവനന്തപുരം ജെറ്റ് എയര്‍വെയ്‌സില്‍ നാട്ടിലേക്കയക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍, എമിഗ്രേഷനില്‍ മത്‌ലൂബ് ആയതുമൂലം തടയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ വക്കം, രാജന്റെ പേരിലുള്ള വാഹനാപകട കേസ് രജിസ്റ്റര്‍ ചെയ്ത തുഖ്ബയിലെ പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും വാഹന ഉടമയുടെ നമ്പര്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹവുമായി അനുരഞ്ജനത്തില്‍ എത്തിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തടസ്സം മാറികിട്ടൂ. അതിനായുള്ള ശ്രമത്തിലാണിപ്പോള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.