Latest News

ജില്ലാ ഹോമിയോ മെഡിക്കല്‍ ആശുപത്രി മേധാവിയായി ചുമതലയേല്‍ക്കാന്‍ പുറപ്പെട്ട ഡോക്ടര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

ഒറ്റപ്പാലം: ജില്ലാ ഹോമിയോ മെഡിക്കൽ ആശുപത്രി മേധാവിയായി ചുമതലയേൽക്കാൻ പാലക്കാട്ടേക്കു പുറപ്പെട്ട ഡോക്ടർ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വകാര്യബസിൽ മരിച്ചു.[www.malabarflash.com]

തൃക്കടീരി ആറ്റാശ്ശേരി കല്ലിത്തൊടിയിൽ ഡോ. അബ്ദുൽ റഷീദ് (53) ആണു യാത്രയ്ക്കിടെ മരിച്ചത്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗവും ഒറ്റപ്പാലം ഏരിയ പ്രസിഡന്റുമായിരുന്നു.

വെളളിയാഴ്ച രാവിലെ ചെർപ്പുളശ്ശേരി–തൃക്കടീരി–പൂക്കോട്ടുകാവ്–അമ്പലപ്പാറ വഴി പോകുന്ന ബസിലാണു പാലക്കാട്ടേക്കു പുറപ്പെട്ടത്. ആറ്റാശ്ശേരിയിലെ സ്റ്റോപ്പിലേക്ക് ഏതാനുംമീറ്റർ ഓടിവന്നു ബസിൽ കയറിയ അദ്ദേഹം പിറകിലെ സീറ്റിൽ ഇരുന്നപ്പോൾ തന്നെ ക്ഷീണിതനായിരുന്നെന്നു സഹയാത്രികർ പറഞ്ഞു. അവശത പരിഗണിച്ചു കൂടുതൽ സൗകര്യപ്രദമായ സീറ്റിലേക്കു മാറ്റിയിരുത്തി.

പൂക്കോട്ടുകാവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇറക്കാൻ ആലോചിച്ചെങ്കിലും അവിടത്തെ ഡോക്ടർ എത്തുന്ന സമയമായിരുന്നില്ല എന്നതുകൊണ്ട് അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു.

ലക്കിടിയിലെ സർക്കാർ ഹോമിയോ ഡിസ്പൻസറിയിൽ സേവനമനുഷ്ഠിച്ചുവരുമ്പോഴാണു കഴിഞ്ഞ ദിവസം ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർ പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചത്. കൽപാത്തി ചാത്തപുരത്തുള്ള ജില്ലാ ആശുപത്രിയിലേക്കു ചുമതലയേൽക്കാൻ പോകുമ്പോഴാണു മരണം.

പഞ്ചായത്ത് റിട്ട. എക്സിക്യൂട്ടീവ് ഓഫിസർ പരേതനായ കല്ലിത്തൊടി ഹംസയുടെ മകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ആറ്റാശ്ശേരി ജുമാ മസ്ജിദിൽ കബറടക്കി. ഭാര്യ: തോട്ടക്കര പള്ളിത്താഴത്ത് ഷീബ. മക്കൾ: റോഷ്ന, റിൻസിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.