Latest News

പോലീസ് ജീപ്പ് കുറുകെയിട്ടതിനെ തുടർന്നുണ്ടായ അപകടം: പരുക്കേറ്റ വീട്ടമ്മയും മരിച്ചു

മുഹമ്മ: പോലീസ് ജീപ്പ് പിന്തുടർന്നു കുറുകെ നിർത്തിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കഞ്ഞിക്കുഴി ഊത്തക്കരച്ചിറ (കിഴക്കേ തയ്യിൽ) ഷേബുവിന്റെ ഭാര്യ സുമിയാണു (34) മരിച്ചത്.[www.malabarflash.com] 

അപകടത്തിൽ പരുക്കേറ്റ പാതിരപ്പള്ളി വെളിയിൽ ബാലന്റെ മകൻ വിച്ചു (24) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

സംഭവത്തിൽ ഹൈവേ പോലീസ് എസ്ഐ കുറ്റക്കാരനാണെന്നു ജില്ലാ പൊലീസ് മേധാവി ഐജിക്കു റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.

കഴിഞ്ഞ പതിനൊന്നിനു പുലർച്ചെ കഞ്ഞിക്കുഴിയിലാണ് അപകടമുണ്ടായത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയെന്ന് ആരോപിച്ചു ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിനു കുറുകെ പോലീസ് ജീപ്പ് നിർത്തുകയായിരുന്നു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

സുമിയെക്കൂടാതെ ബൈക്കിലുണ്ടായിരുന്ന ഭർത്താവ് ഷേബു (39), മക്കളായ ഹർഷ (10), ശ്രീലക്ഷ്മി (നാല്) എന്നിവർക്കും ഗുരുതരമായ പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷേബുവും മക്കളും കഴിഞ്ഞദിവസം വീട്ടിലെത്തിയെങ്കിലും നട്ടെല്ലിനു പരുക്കേറ്റ ഷേബു എഴുന്നേൽക്കാൻപോലുമാകാത്ത അവസ്ഥയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.