Latest News

എടിഎം തകർത്ത് മോഷണശ്രമം; വിദ്യാർഥിയും യുവാവും പിടിയിൽ

കട്ടപ്പന: ബാങ്കിന്റെ എടിഎം തകർത്തു മോഷണം നടത്താനുള്ള ശ്രമത്തിനിടെ വിദ്യാർഥിയും യുവാവും പിടിയിൽ. കൊച്ചുതോവാള ചെറുപറമ്പിൽ സതീശൻ (40), പുത്തൻപുരയ്ക്കൽ നിഖിൽ (19) എന്നിവരാണു പിടിയിലായത്.[www.malabarflash.com]

ശനിയാഴ്ച അർധരാത്രി ഇടശേരി ജംക്‌ഷനിൽനിന്നു പുതിയ ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ കനറ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു മോഷണശ്രമം. കൗണ്ടറിനുള്ളിൽ സ്ഥാപിച്ചിരുന്ന സിഎഫ്എൽ ബൾബുകളിൽ ഒരെണ്ണം മാറ്റിയിരുന്നതിനാൽ നിരീക്ഷണ ക്യാമറ ഇല്ലെന്ന ധാരണയിലായിരുന്നു മോഷണമെന്നു പോലീസ് പറഞ്ഞു.

നിരീക്ഷണത്തിനായി നിഖിലിനെ പുറത്തുനിർത്തി മെഷീൻ തുറന്നു പണം എടുക്കാൻ ശ്രമിച്ചെങ്കിലും നമ്പർ ലോക്കായിരുന്നതിനാൽ സാധിച്ചില്ല. അതോടെ കമ്പിപ്പാരയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ചു മെഷീൻ തകർക്കാൻ ശ്രമിച്ചു.

ആർഎസ്എസിന്റെ ജില്ലാ സാംഘിക്കിന്റെ ഒരുക്കവുമായി ബന്ധപ്പെട്ടു പ്രദേശത്തുണ്ടായിരുന്നവർ മോഷണം കണ്ട് പോലീസിൽ വിവരമറിയിച്ചു. സിഐ: വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടർന്നു പിടികൂടി.


അഞ്ചുദിവസം നടത്തിയ മുന്നൊരുക്കത്തിനുശേഷമാണു പ്രതികൾ മോഷണത്തിന് എത്തിയതെന്നു പോലീസ് പറഞ്ഞു. രാജ്യത്തു നടന്ന എടിഎം കവർച്ചകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും സതീശൻ ഇന്റർനെറ്റിലൂടെ പരിശോധിച്ചിരുന്നു. ഇയാളുടെ മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ബിഎ ഇക്കണോമിക്‌സ് രണ്ടാംവർഷ വിദ്യാർഥിയാണു നിഖിൽ.


ജൂനിയർ എസ്‌ഐ: ഹരിദാസ്, എഎസ്‌ഐ: നിസാർ, സിപിഒമാരായ ബാബുരാജ്, ടോം, പ്രശാന്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.