Latest News

ഷുഹൈബ് വധക്കേസിൽ ഡിഎന്‍എ പരിശോധനയുമായി പോലീസ്‌

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പോലീസ് ഡിഎൻഎ പരിശോധനയ്ക്ക്. കേസിൽ പിടിയിലായ 11 പ്രതികളുടെയും മൂന്ന് സാക്ഷികളുടെയും രക്തസാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. കൊലപാതക കേസുകളിൽ കൊല്ലപ്പെട്ടയാളുടെയോ പ്രതികളുടെയോ കാര്യത്തിൽ സംശയമുണ്ടാകുമ്പോൾ മാത്രമാണു പോലീസ് ഡിഎൻഎ പരിശോധന നടത്താറുള്ളത്.[www.malabarflash.com]

മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി.ഷുഹൈബിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഇ.നൗഷാദ്, കെ.റിയാസ്, അസറുദ്ദീൻ എന്നിവരെയും 11 പ്രതികളെയുമാണു ഡിഎൻഎ പരിശോധനയ്ക്കു വിധേയരാക്കുന്നത്.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഇവരുടെ രക്തസാംപിളുകളും തലമുടിയും നഖവും ശേഖരിച്ച പോലീസ് ഇവ തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.


ഷുഹൈബിനു നേരെ ആക്രമണമുണ്ടായ സമയത്തു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരുക്കേറ്റിരുന്നു. പ്രതികളിൽ ഒരാളായ പാലോട് ദീപ്ചന്ദിനും മുഖത്തു പരുക്കേറ്റിരുന്നു. ആക്രമണമുണ്ടായ തട്ടുകടയിൽ രക്തവും മാംസഭാഗങ്ങളും ചിതറിയ നിലയിലായിരുന്നു. എന്നാൽ, ഷുഹൈബിനും സുഹൃത്തുക്കളായ മൂന്നു പേർക്കും ഒരേ രക്തഗ്രൂപ്പ് ആയതിനാൽ ഇവ തിരിച്ചറിയാൻ പ്രയാസമുണ്ടെന്നും അതിനാൽ ഡിഎൻഎ പരിശോധനയ്ക്കു ഹാജരാകണമെന്നുമാണു പോലീസ് സാക്ഷികളോട് ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്നാണ് സാക്ഷികൾ ഡിഎൻഎ പരിശോധനയ്ക്കെത്തിയത്.


അതേസമയം കൂടുതൽ ശരീരഭാഗങ്ങളും സാംപിളുകളും ആക്രമണമുണ്ടായ സ്ഥലത്തു നിന്നു കിട്ടിയതിനെത്തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി രക്തപരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.