Latest News

കാണാതായ പഞ്ചായത്തംഗത്തിന്റെ മൃതദേഹം 18 ദിവസം മോർച്ചറിയിൽ

പത്തനംതിട്ട: രണ്ടാഴ്ചയായി എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹം പന്തളം തെക്കേക്കരയിൽ നിന്നു കാണാതായ പ​ഞ്ചായത്ത് അംഗത്തിന്റേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.[www.malabarflash.com]

തെക്കേക്കര പഞ്ചായത്ത് പൊങ്ങലടി വാർഡ് അംഗം മറ്റക്കാട് മുരുപ്പേൽ രണ്ടാലുംമൂട് മധുസൂദനനെയാണ് ഈ മാസം നാലാം തീയതി മുതൽ കാണാതായത്. അന്നു രാത്രി 12ന് ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ കണ്ടെത്തിയ മൃതദേഹം ഇദ്ദേഹത്തിന്റേതാണെന്ന് മധുസൂദനന്റെ ഭാര്യ മണിയും ബന്ധുക്കളും ഞായറാഴ്ച തിരിച്ചറിയുകയായിരുന്നു.

മധുസൂദനന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി തിരോധാനത്തിനു കേസെടുത്തപ്പോൾ പോലീസ് വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് അംഗത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉപക്ഷേപം അവതരിപ്പിച്ചിരുന്നു. സംസ്ഥാനാന്തര അന്വേഷണം അനിവാര്യമാണെന്ന് പോലീസ് അനുമാനിക്കുന്നതായി ഉപക്ഷേപത്തിൽ പറഞ്ഞിരുന്നു.

എല്ലാ പോലീസ് സ്റ്റേഷനുകളിലും തിരിച്ചറിയൽ അടയാളങ്ങളും ഫോട്ടോയും സഹിതം പോലീസ് വിവരം ധരിപ്പിച്ചിട്ടും രണ്ടാഴ്ച മുൻപ് അപകടത്തിൽപ്പെട്ട ആളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താഞ്ഞതെന്തെന്നു വ്യക്തമല്ല. മുഖം തിരിച്ചറിയാൻ കഴിയാത്തവണ്ണം മൃതദേഹം വികൃതമായിരുന്നെന്നാണ് പോലീസ് പറയുന്നത്. എളമക്കര പോലീസ് ആണ് റെയിൽവേ സ്റ്റേഷനിൽ നിന്നു മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയാറാക്കിയത്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നു വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐ ആർ. രാജീവിന്റെ നേതൃത്വത്തിൽ മധുസൂദനന്റെ ഭാര്യ മണിയും ബന്ധുക്കളുമെത്തി ആളെ തിരിച്ചറിയുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.