Latest News

ജസീമിന്റെ മരണം; ഒപ്പമുണ്ടായിരുന്നവരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ കേസ്, വ്യാപക പ്രതിഷേധം

ഉദുമ: മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജാഫറിന്റെ മകന്‍ ജെ. മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പിടികൂടി പോലീസിലേല്‍പിച്ച 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]

നാല് ദിവസം ജസീം മരണപ്പെട്ട് റെയില്‍പാളത്തിനോട് ചേര്‍ന്ന ഓവുചാലില്‍ കിടക്കുമ്പോള്‍ മരണ വിവരം മറച്ച് വെച്ച് ജസീമിനായി നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം തിരച്ചില്‍ നടത്തുകയും, പോലീസിനെ പോലും കബളിപ്പിക്കുകയും ചെയ്ത് ക്രൂരത കാണിച്ചവരെ പിടിച്ചു കൊടുത്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത ബേക്കല്‍ പോലീസിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മരിച്ച ജസീമിന് കഞ്ചാവ് ഉപയോഗിക്കാന്‍ നല്‍കിയതിനും വലിക്കാന്‍ പ്രേരിപ്പിച്ചതിനും മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ അറസ്റ്റിലായ വിനീഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 ഓളംവരുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ക്രൂരമായി മര്‍ദിച്ചതായി വിനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ മൂന്നു പേരെയും ജസീമിനെ കാണാതായതുമായ ബന്ധപ്പെട്ട് നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജസീമിനെ കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് കളളം പറഞ്ഞ് തടിയൂരിയ ഇവരെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും തന്ത്രപരമായി ചോദ്യം ചെയ്തതിലൂടെയാണ് ജസീമിന്റെ മൃതദേഹം അഴുകിയ നിലയില്‍ കളനാട് റെയില്‍ പാളത്തിനടുത്തുളള ഓവുചാലില്‍ കണ്ടെത്തിയത്.
ജസീമിനെ കാണായത് മുതല്‍ അന്വേഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഇവര്‍ പലകാര്യങ്ങളും പറഞ്ഞ് അന്വേഷണത്തെ വഴിതെററിക്കാന്‍ ശ്രമം നടത്തിയിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ഇവര്‍ വാടകയ്‌ക്കെടുത്ത കാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് അറസ്റ്റിലുളള പ്രായപൂര്‍ത്തിയാവാത്ത പ്രതിയിലേക്ക് നാട്ടുകാരുടെ അന്വേഷണം എത്തിയത്. ഇവനെ പിടിച്ച് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തത്. ഇവനെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ജസീം തീവണ്ടി തട്ടി മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. റെയില്‍ പാളത്തിലൂടെ നടക്കുമ്പോള്‍ തീവണ്ടി തട്ടിയ ജസീമിനെ ഏറെസമയം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും ജസീമിന്റെ കൂടെയുണ്ടായിരുന്നവര്‍ ഭയം കാരണം സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
എന്നാല്‍ നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ജസീം മരിച്ചെന്ന് പറഞ്ഞ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ റെയില്‍പാളത്തിനടത്തുളള ഓവുചാലില്‍ മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. തീവണ്ടി തട്ടി മരിച്ചശേഷം തിരഞ്ഞെങ്കിലും ജസീമിനെ കണ്ടില്ലെന്ന് പറയുന്നവര്‍ എങ്ങിനെയാണ് മൃതദേഹം കാട്ടികൊടുത്തതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
തന്റെ മകനെ കാറില്‍ തട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് കഞ്ചാവിന്റെ കണ്ണിയാക്കാന്‍ ശ്രമിക്കുകയും അതിന് തയ്യാറാവത്ത ജസീമിനെ  കൊലപ്പെടുത്തിയതാണെന്നുമാണ് പിതാവ് ജാഫര്‍ പറയുന്നത്.
അതേ സമയം ജസീമിന്റെ മരണം നിസാര വല്‍ക്കരിക്കാനുളള ശക്തമായ സമ്മര്‍ദ്ദം നടക്കുന്നതായും പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകന്റെ മകനെ സിപിഎം നേതാവ് ഇടപെട്ട് ഒഴിവാക്കിയെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുമ്പോള്‍, ലീഗ് നേതാവിന്റെ സഹോദരന്റെ മകന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ജാസിറിന്റെ മരണം അപകടമാക്കി മാററാനുളള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം കേന്ദ്രങ്ങളും ആരോപിക്കുന്നു. ഇതേ പററി പ്രാദേശിക വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വ്യാപകമായ ചര്‍ച്ചകളാണ് നടക്കുന്നത്. 

അതേ സമയം പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് ലഘൂകരിക്കാനുളള നീക്കത്തിനെതിരെ പൊതു സമൂഹത്തിനിടയില്‍ വ്യാപകമായ പ്രതിഷേധവും ഉയരുന്നുവന്നിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.