Latest News

ജസീമിന്റെ മരണം; വ്യക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് ചീഫ്

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജാഫര്‍- ഫരീദ ദമ്പതികളുടെ മകന്‍ ജെ. മുഹമ്മദ് ജസീമിന്റെ (15) മരണം കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് കാസര്‍കോട് പോലീസ് ചീഫ് കെ.ജി സൈമണ്‍.[www.malabarflash.com]

സംഭവത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും കേസെടുത്ത് അറസ്റ്റു ചെയ്തു.
കളനാട്ടെ സമീര്‍ (20), വിനീഷ് എന്ന ബബ്ലു (20), ജസീമിന്റെ സുഹൃത്തും സഹപാഠിയുമായ 16 കാരന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പോലീസ് സര്‍ജന്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ട്രെയിന്‍ തട്ടി മരിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലീസ് ചീഫ് വ്യക്തമാക്കി.

ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതായി ബേക്കല്‍ സി.ഐ വിശ്വംബരനും എസ്.ഐ വിപിനും അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. 

പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദ വിവരങ്ങളും ലഭിച്ചാല്‍ മാത്രമേ മരണത്തെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുളളു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികള്‍ പോലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. 

ജസീമിന്റെ സുഹൃത്തുക്കളും കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട സംഘങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.