ഉദുമ: കളനാട് റെയില്‍പാളത്തിന് സമീപമുളള ഓവുചാലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമി(15)ന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.[www.malabarflash.com]
അതേ സമയം ജസീമിന്റെ ഒരു ചെരുപ്പ് റെയില്‍ പാളത്തിലും, മറെറാരു ചെരുപ്പ് കുന്നിന്‍ മുകളിലും കണ്ടെത്തിയത് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാങ്ങാട് ചോയിച്ചിങ്കല്ലിലെ വീട്ടിലെത്തിയ മൃതദേഹം ഒരു നോക്കുകാണാന്‍ നിരവധി പേരാണ് എത്തിയത്. പത്ത് മിനുറേറാളം വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം മാങ്ങാട് ജുമാ മസ്ജിദിലും കീഴൂര്‍ ജുമാ മസ്ജിദിലും നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അതിനിടെ ജസീമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ കളനാട് സംഭവ സ്ഥലം സന്ദര്‍ശിക്കും.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുളള ജസീമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ ജസീമിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് ബേക്കല്‍ പോലീസും നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് ബസ്സ് സ്റ്റോപ്പിന് പിറക് വശത്തുളള റെയില്‍ പാതക്കരികിലുളള ഓവു ചാലില്‍ മൃതദേഹം കണ്ടെത്തിയത്.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുളള കളനാട്ടെ യുവാവിനെയും ജസീമിന്റെ ബന്ധുവായ മാങ്ങാട്ടെ യുവാവിനെയും നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മൃതദേഹം കളനാട് റെയില്‍വേ പാളത്തിന് സമീപമുണ്ടെന്ന വിവരം ലഭിച്ചത്. കളനാട്ടെ യുവാവിന്റെ വീടിന് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
No comments:
Post a Comment